
കിളിമാനൂർ: മനസു വച്ചാൽ നമ്മുടെ നാട്ടിലും തണ്ണീർ മത്തൻ വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പനപ്പാംകുന്ന് ആലയം കാവൂർ കോണത്ത് ചരുവിള വീട്ടിൽ ദിനേഷ്. കിളിമാനൂർ കൃഷിഭവനു കീഴിലെ പനപ്പാംകുന്നിൽ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 140 തൈ നട്ടത്. 36 ദിവസം കൊണ്ട് ഫലം കിട്ടി.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.നോജിന്റെ നേതൃത്വത്തിൽ ഇരുന്നൂറ് കിലോയോളം വിളവെടുത്തു.പച്ചക്കറി തൈ നഴ്സറി നടത്തുന്ന ദിനേശ് ബാംഗ്ലൂരിൽ നിന്നാണ് റോക്ക് സ്റ്റാർ ഇനത്തിലെ ട്രോപ്പിക്കൽ വിള സീഡെത്തിച്ച് കൃഷി ചെയ്തത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്.കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻമാരുടെ ഉപദേശവും വീട്ടുകാരുടെ സഹകരണവും കൂടിയായപ്പോൾ നല്ല വിള കിട്ടിയ സന്തോഷത്തിലാണ് ദിനേശ്. നേരത്തെ പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ദിനേശ്. മറ്റു വിളകളെ അപേക്ഷിച്ച് രോഗം ഇല്ലാത്ത വിളയാണ് തണ്ണിമത്തൻ.കായിലെ കീടം ആക്രമണം മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും ദിനേശ് പറയുന്നു. ഭാര്യ റീനയും വിദ്യാർത്ഥികളായ മക്കൾ അഞ്ചലിയും കൃഷ്ണ പണിക്കരും കൃഷിയിടത്തിൽ സജീവം. നാട്ടിലെ തണ്ണിമത്തനായി നിരവധി പേർ എത്തുന്നുണ്ടെങ്കിലും ഇവർക്ക് എല്ലാവർക്കും കൊടുക്കാൻ പറ്റാത്ത വിഷമത്തിലാണ് ദിനേശ്. ആയിരം തൈ നടാൻ പറ്റുന്നിടത്തായിരുന്നു പരീക്ഷണാടിസ്ഥാനത്തിൻ 140 തൈ നട്ട് വിളവെടുത്തത്.കിളിമാനൂർ എ.ഡി.എ സബിത,കൃഷി ഓഫീസർ അനു ചിത്ര, കൃഷി അസിസ്റ്റന്റ് അസീന എന്നിവരുടെ പരിപൂർണ്ണ പിന്തുണയും ദിനേശിന് കിട്ടുന്നുണ്ട്. പനപ്പാം കുന്നിൽ ഒരു തണ്ണീർമത്തൻ പാടം തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.