news

നടപടി 'കേരളകൗമുദി' റിപ്പോർട്ടിനെത്തുടർന്ന്

തിരുവനന്തപുരം: റാഗിംഗ് കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പിരിച്ചുവിടുമെന്നും മൂന്നുവർഷത്തേക്ക് എങ്ങും പ്രവേശനം നൽകില്ലെന്നും ആരോഗ്യ, കേരള സർവകലാശാലകൾ.

റാഗിംഗ് വിവരം കിട്ടിയാലുടൻ സസ്പെൻഡ് ചെയ്യും. പരാതികൾ ഉടൻ പൊലീസിന് കൈമാറാനും 24മണിക്കൂറിനകം ക്രിമിനൽ കേസെടുപ്പിക്കാനും കോളേജുകളോട് നിർദ്ദേശിച്ചതായി രണ്ട് വാഴ്സിറ്റികളുടെയും വി.സി ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.

എല്ലാ കോളേജുകളിലും റാഗിംഗ് വിരുദ്ധസമിതിയും സ്ക്വാഡും രൂപീകരിക്കും. സമിതി മാസത്തിലൊരിക്കൽ ചേർന്ന് വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണം.

കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'ഇത് റാഗിംഗ് അല്ല, ക്രിമിനൽ വിനോദം' റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി.

യു.ജി.സിയിടെ കർശന നിർദ്ദേശങ്ങൾ

വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാനുള്ള സംവിധാനം എല്ലാ കോളേജുകളിലും വേണം. പരാതിക്കാരുടെ വിവരങ്ങൾ സ്ഥാപന മേധാവി രഹസ്യമായി സൂക്ഷിക്കണം. പരാതിക്കാർക്ക് പിന്തുണയും കൗൺസലിംഗും നൽകണം. ക്യാമ്പസുകളിൽ എല്ലായിടത്തും സിസി.ടിവി ക്യാമറകൾ വേണം. കുട്ടികൾക്കും ജീവനക്കാർക്കുമിടയിൽ ഇടയ്ക്കിടെ സർവേ നടത്തി സ്ഥിതി അറിയണം. പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കൂട്ടണം.

പരാതി തള്ളിയാലും

2വർഷം ജയിൽ

പരാതി അവഗണിച്ചാൽ കോളേജ് അധികൃതർക്ക് പ്രതിക്ക് നൽകുന്ന ശിക്ഷ

നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം

 2വ‌ർഷം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ

മർദ്ദനം മാത്രമല്ല റാഗിംഗ്

വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗാണ്. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം എന്നിവ ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗാണ്.

റാഗിംഗ് വിരുദ്ധസമിതി

പ്രിൻസിപ്പൽ (ചെയർമാൻ), പ്രൊഫസർ (കൺവീനർ) അസി.പ്രൊഫസർ ( മെമ്പർ സെക്രട്ടറി). അംഗങ്ങൾ - 5 അദ്ധ്യാപകർ, പൊലീസ് സി.ഐ. മാദ്ധ്യമപ്രവർത്തകൻ,

എൻ.ജി.ഒ പ്രതിനിധി, കളക്ടറുടെ പ്രതിനിധി, പി.ടി.എ പ്രസിഡന്റ്, ഹോസ്റ്റൽ വാർഡർ, കോളേജ് യൂണിയൻ അദ്ധ്യക്ഷൻ

''റാഗിംഗ് ജാമ്യമില്ലാ കുറ്രമാണെന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാൻ ജഡ്ജിമാരെയും പൊലീസുദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ക്ലാസെടുക്കും.''

-ഡോ.മോഹനൻ കുന്നുമ്മേൽ

കേരള, ആരോഗ്യ വി.സി