vc

തിരുവനന്തപുരം: ഗവർണർ സസ്പെൻഡ് ചെയ്ത വെറ്ററിനറി സർവകലാശാല വി.സി ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ നിയമനത്തിലും അയോഗ്യത. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതിരുന്നതാണ് കുരുക്കായത്. 2019ജൂലായിൽ അന്നത്തെ ഗവർണർ പി.സദാശിവമാണ് ശശീന്ദ്രനാഥിനെ നിയമിച്ചത്. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടായിരിക്കണമെന്ന് ഫിഷറീസ് വി.സി റിജി ജോണിനെ പുറത്താക്കിയുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പുറത്താക്കാതിരിക്കാൻ കാരണം അറിയിക്കാൻ ശശീന്ദ്രനാഥിന് ഗവർണർ നോട്ടീസ് അയയ്ക്കാനിരിക്കെയാണ് നേരത്തേ നോട്ടീസ് ലഭിച്ച മറ്റ് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചത്. വെറ്ററിനറി സർവകലാശാലയിൽ അക്കാഡമിക് ആൻഡ് റിസർച്ച് വിഭാഗം ഡയറക്ടർ ആയിരുന്നപ്പോഴാണ് ശശീന്ദ്രനാഥിനെ വി.സിയാക്കിയത്. തൃശൂർ അരിമ്പൂർ സ്വദേശിയാണ്.

'കോളേജിൽ ആർക്കും

അറിയില്ലായിരുന്നു'

മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം 19ന് കോളേജിലെത്തിച്ച മൃതദേഹം നെടുമങ്ങാട്ടേക്ക് കൊണ്ടുപോയെന്നും അപ്പോഴൊന്നും ഹോസ്റ്റലിൽ ഇത്തരം ക്രൂരത നടന്നതായി കോളേജിൽ ആർക്കും അറിയില്ലായിരുന്നുവെന്നും സസ്പെൻഷനിലാകുംമുമ്പ് വി.സി ഡോ.എം.ആർ ശശീന്ദ്രനാഥ് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വൈത്തിരി എസ്.ഐ, കോളേജ് ഡീനിന് സിദ്ധാർത്ഥിന്റേത് റാഗിംഗ് കാരണമുള്ള ആത്മഹത്യയാണോയെന്ന് അന്വേഷിക്കാൻ കത്ത് നൽകിയിരുന്നു. 12പ്രതികളുടെ പേര് സഹിതമുള്ള വിദ്യാർത്ഥികളുടെ പരാതിയിൽ യു.ജി.സി, വെറ്ററിനറി കൗൺസിൽ, കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നിവ വിശദീകരണം തേടി. വകുപ്പ് മേധാവികളുടെയും സ്റ്റുഡന്റ് അഡ്വൈസർമാരുടെയും അസി.വാർഡർമാരുടെയും യോഗം വിളിക്കാൻ ഡീനിനോട് നിർദ്ദേശിച്ചുവെന്നും വിശദീകരണത്തിലുണ്ട്.

യൂണി. ഹോസ്റ്റലുകൾ

എസ്.എഫ്.ഐ താവളം: ഗവർണർ

സർവകലാശാല ഹോസ്റ്റലുകൾ എസ്.എഫ്.ഐ അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നുവെന്നും അവിടെ ക്രിമിനൽ, അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർവകലാശാല അധികൃതർക്കു പോലും ഹോസ്റ്റലിലേക്ക് പോവാൻ ഭയമാണ്. എസ്.എഫ്.ഐ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സിദ്ധാർത്ഥിന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. മികച്ച സേനയാണെങ്കിലും ഭരണപാർട്ടി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അന്വേഷണം കഴിഞ്ഞ് കൂടുതൽ നടപടിയുണ്ടാകും.