
ആറ്റിങ്ങൽ: നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ ഹരിതകർമ്മസേനയ്ക്ക് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മിനി എം.സി.എഫിന്റെ താക്കോൽദാനവും ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിട്ടാണ് 700 ചതുരശ്രയടി വിസ്തീർണത്തിൽ ഗ്രീൻ ഫെസിലിറ്റി സെന്റർ ഒരുക്കിയിട്ടുള്ളത്. ഹരിതകർമ്മ സേനയുടെ ഓഫീസ് സേവനങ്ങളും യൂസർ ഫീസ് ഉൾപ്പെടെയുള്ള പണമിടപാടുകളും നഗരസഭ ഓഫീസിൽ നിന്ന് ഈ കെട്ടിടത്തിലേക്ക് മാറ്റും. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനുവേണ്ടി ശുചിത്വമിഷന്റെയും, ധനകാര്യകമ്മിഷന്റെയും സംയോജിത ഫണ്ടിൽ നിന്ന് പതിനേഴര ലക്ഷം രൂപ ചെലവിട്ടാണ് 31 വാർഡുകളിലും മിനി എം.സി.എഫുകളും സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ രമ്യാസുധീർ,എസ്.ഷീജ,എസ്.ഗിരിജ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളായ എം.താഹിർ,ശങ്കർ.ജി,അസി.എൻജിനിയർ താജുനിസ്സ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രവികുമാർ,ദിവ്യ,സലീന,ബിജു,മുഹമ്മദ് റാഫി,ഹരിതകർമ്മസേന കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ സ്വാഗതവും വാർഡ് കൗൺസിലർ വി.എസ്.നിതിൻ നന്ദിയും പറഞ്ഞു.