തിരുവനന്തപുരം: പണ്ടേയുള്ള 'ശത്രുത' കാരണം കണക്കിനെ ഭയന്നാണ് ജിയോളജി പഠിക്കാനെത്തിയത്. ഒരു ബിരുദ സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ലക്ഷ്യം. മനസുനിറയെ സിനിമ മാത്രം. എന്നാൽ പഠനകാലത്ത് വിപ്ലവം തലയ്ക്കുപിടിച്ചതോടെ കോളേജ് യൂണിയൻ ചെയർമാനായി. 50 വർഷം പിന്നിലേക്ക് ഓർമ്മകളിലൂടെ സഞ്ചരിച്ച ബാലചന്ദ്രമേനോൻ വീണ്ടും യൂണിവേഴ്സിറ്റി കോളേജിലെ 1974 ബാച്ച് ജിയോളജി വിദ്യാർത്ഥിയായി മാറി.

ഇന്നലെ നൊസ്റ്റാൾജിയോ @70 എന്ന പേരിലുള്ള യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും പൂർവവിദ്യാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരപരമായ സംഗമമെന്നാണ് ഒത്തുചേരലിനെ ബാലചന്ദ്രമേനോൻ വിശേഷിപ്പിച്ചത്. സ്വന്തം കാലിൽ നിന്ന് പ്രവർത്തിക്കണമെന്ന ഗുരുക്കന്മാരുടെ ഉപദേശം എക്കാലവും തനിക്ക് വഴികാട്ടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ.കെ മുഖ്യപ്രഭാഷണം നടത്തി. ജിയോജി വിഭാഗത്തിലെ മുൻകാല അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ജിയോളജി വിഭാഗം മേധാവി ഡോ.കെ.പി.ജയ്‌കിരൺ, ഐ.ക്യു.എ.സി കൺവീനർ ഡോ.മനോമോഹൻ ആന്റണി,കോളേജ് പി.ടി.എ സെക്രട്ടറി ഡോ.ഷെഹീർഷാ,യൂണിയൻ ചെയർമാൻ വിധു ഉദയ,പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോ ഓർഡിനേറ്റർ അരുൺ ജെ.ജോൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള അലുമിനി മീറ്റ് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് സാംസ്‌കാരിക പരിപാടികളും നടന്നു.