k-m-laji

വർക്കല: നഗരസഭയിൽ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും ഇനവും തിട്ടപ്പെടുത്താൻ സർവേ ആരംഭിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിപ്രകാരം ലോകബാങ്ക് സഹായത്തോടെയാണ് സർവേ നടത്തുന്നത്.വിവിധതരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, സംസ്കരണ സാങ്കേതികവിദ്യ വികസിപ്പിക്കുക,പുനചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യങ്ങൾ.വീടുകൾ,പൊതുസ്വകാര്യ സ്ഥാപങ്ങൾ ഉൾപ്പെടെ മാലിന്യം ഉത്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സർവേ പരിശോധിക്കും.

മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് വോളിയം 2 അനുസരിച്ച് ഖരമാലിന്യ സംസ്കരണ ആസൂത്രണത്തിന്റെ ആവശ്യഘടകങ്ങളിൽ ഒന്നാണ് മാലിന്യ അളവ് തിട്ടപ്പെടുത്തൽ. സർവേയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഗൃഹസന്ദർശനം നടത്തി ആദ്യ സാമ്പിൾ നൽകിക്കൊണ്ട് സർവേ നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഉദ്യോഗസ്ഥരും പങ്കെടുത്തു.