വർക്കല: വർക്കല നഗരസഭയെ മാലിന്യമുക്തനഗരമാക്കാൻ പദ്ധതി തയാറാകുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി വർക്കലയുടെ സാമൂഹിക - ഭൗതിക - പാരിസ്ഥിതിക പ്രത്യേകതകളും നിലവിലെ പരിസ്ഥിതി പ്രശ്നങ്ങളും പരിഗണിച്ചുകൊണ്ട് മാസ്റ്റർപ്ലാൻ തയാറാക്കും. പദ്ധതി വിജയത്തിന് ജനപങ്കാളിത്തവും ബോധവത്കരണ പ്രവർത്തനങ്ങളും അനിവാര്യമാണ്. ആദ്യഘട്ട രൂപരേഖ ചർച്ചകൾക്ക് കഴിഞ്ഞവർഷം തുടക്കം കുറിച്ചിരുന്നു. ഖരമാലിന്യ സംസ്കരണ ആസൂത്രണത്തിന്റെ അവശ്യഘടകങ്ങളിൽ ഒന്നാണ് മാലിന്യ അളവ് തിട്ടപ്പെടുത്തൽ. ഇതിന്റെ ഭാഗമായി നഗരസഭയിൽ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും ഇനവും തിട്ടപ്പെടുത്താൻ സർവേ ആരംഭിച്ചു. 2027 ഓടെ മാലിന്യപരിപാലനത്തിൽ സമഗ്രമായ മാറ്റം വരുത്തുന്നതിനും നഗരങ്ങൾ കൂടുതൽ വൃത്തിയോടെയും ആരോഗ്യപ്രദവുമാക്കുന്നതിനായി ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടെയും സംയുക്ത ഇടപെടലാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.
 സർവേയുടെ ലക്ഷ്യങ്ങൾ
1.വിവിധതരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക
2.സംസ്കരണ സാങ്കേതികവിദ്യ വികസിപ്പിക്കുക
3.പുനചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കുക
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമെന്ന ശീലം മാലിന്യ പരിപാലനത്തിന് ഏറെ ആവശ്യമാണ്. വിനോദ സഞ്ചാരകേന്ദ്രമായ വർക്കലയിൽ റോഡുകളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വലിയ തോതിൽ രൂപപ്പെട്ടിട്ടുണ്ട്. ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ രാത്രികാലങ്ങളിൽ തെരുവുകളിൽ വലിച്ചെറിയുമ്പോൾ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്നു.പാപനാശവും ക്ലിഫും പരിസരവും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ വർക്കല നഗരസഭ കാര്യക്ഷമമാക്കിയിട്ടുണ്ട്. 30 ശുചീകരണ തൊഴിലാളികളെ ഇതിനായി നഗരസഭ നിയമിച്ചു. ജൈവ, അജൈവ സാധനങ്ങൾ നിക്ഷേപിക്കുവാൻ വെവ്വേറെ ബിന്നുകളും വിനോദ സഞ്ചാര മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.