ko

കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ വെള്ളാർ ജംഗ്ഷനിൽ അപകടങ്ങൾ വർദ്ധിക്കുന്നു. അപകടമൊഴിവാക്കാൻ ജംഗ്ഷനിൽ അധികൃതർ സിഗ്നൽലൈറ്റുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ നടന്നത്. ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്. ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്.

സമുദ്ര ബീച്ചിൽ നിന്ന് വെള്ളാർ ജംഗ്ഷനിലേക്കും നഗരത്തിൽ നിന്ന് സമുദ്രാ റോഡിലേക്കുമുള്ള റോഡുകൾ തമ്മിൽ ബൈപാസിൽ കയറുന്ന ഭാഗത്താണ് സ്ഥിരമായി അപകടങ്ങൾ നടക്കുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും ബൈപാസ് അധികൃതരോ ട്രാഫിക് പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

വെള്ളാർ ബൈപ്പാസ് റോഡിൽ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ വന്നിട്ടും ഗതാഗത നിയമലംഘനം തടയാനാവാതെ വലയുകയാണ് പൊലീസ്. ജംഗ്ഷനിൽ കാമറയും സിഗ്നൽലൈറ്റുകളുമില്ലാത്തതിനാൽ പ്രദേശവാസികൾ പ്രതിഷേധത്തിലുമാണ്. അടുത്തിടെ റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനും മരിച്ച സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങൾ ഇവിടെ ലഭ്യമല്ലാതിരുന്നതിനാൽ വലിയ വിമർശനങ്ങൾക്ക് ഇടവന്നിരുന്നു.

ദിനവും അപകടം

കഴിഞ്ഞ 6 മാസത്തിനിടെ പതിമ്മൂന്നോളം അപകടങ്ങളുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ വർഷം ഇവിടെ ബൈക്കിടിച്ച് 3 പേർ മരിച്ചിരുന്നു. നിരന്തരം അപകടങ്ങളുണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

അമിത വേഗതയും പ്രശ്നം

രാത്രി ഇവിടെ വഴിവിളക്കില്ലാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. സന്ധ്യാസമയങ്ങളിൽ കോവളം ജംഗ്ഷനിൽ നിന്ന് അമിതവേഗതയിലെത്തുന്ന വാഹനങ്ങളാണ് അധികവും അപകടത്തിനിരയാകുന്നത്. തിരക്കുള്ള ജംഗ്ഷനിൽ പൊലീസിന്റെ സേവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളാർ ജംഗ്ഷനിൽ സി.സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ പറയുന്നു.

വെള്ളാർ ജംഗ്ഷനിൽ രാത്രികാലങ്ങളിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്.ബൈപ്പാസിൽ വെളിച്ചമില്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. വെള്ളാർ ജംഗ്ഷനിൽ നഗരസഭയുടെ ഫണ്ട് വിനിയോഗിച്ച് ഉടൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.

പനത്തുറ പി.ബൈജു, വെള്ളാർ വാർഡ് കൗൺസിലർ