jayachandran

തിരുവനന്തപുരം: കലാലയ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും പുത്തൻകാഴ്ചകൾ സമ്മാനിച്ച് 1999ൽ ഇറങ്ങിയ 'നിറം' എന്ന സിനിമ പി.ജയചന്ദ്രന്റെയും ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സിനിമ പോലെ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ക്യാമ്പസിന്റെ ആവേശവും ആഘോഷവും നിറച്ച നിറത്തിലെ 'പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി....' എന്ന ഗാനം ആലപിച്ച് പി.ജയചന്ദ്രൻ.

ഭാവഗായകൻ എന്ന ചട്ടക്കൂടിൽ നിന്ന് പുറത്തുകടന്നു. പ്രേമവും മോഹവും തുളുമ്പുന്ന ബിച്ചു തിരുമലയുടെ ഗാനം യുവത്വത്തിന്റെ ഈണത്തിൽ വിദ്യാസാഗർ ചിട്ടപ്പെടുത്തിയപ്പോൾ അന്ന് 55കാരനായിരുന്ന പി.ജയചന്ദ്രൻ അത് അനായാസം പാടി. 'ജയേട്ടന്റെ പാട്ടുകൾ കേട്ടുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെക്കൊണ്ട് സിനിമയിൽ പാടിക്കണമെന്ന് മോഹിച്ചിരുന്നു. അവസരം ഒത്തുവന്നത് നിറത്തിലാണ്.' വാക്കുകൾ സംവിധായകൻ കമലിന്റേതാണ്. വിദ്യാസാഗർ ആണ് ജയചന്ദ്രനെക്കൊണ്ട് പാടിക്കാൻ ആത്മവിശ്വാസം നൽകിയത്. കോളേജ് കുമാരനായ ബോബൻ ആലുംമൂടൻ അവതരിപ്പിക്കുന്ന പ്രകാശ് എന്ന കഥാപാത്രം പാടുന്നതാണ് ഗാനം. സുജാതയാണ് ഒപ്പം പാടിയത്. ചെറുപ്പക്കാരെക്കൊണ്ട് പാടിക്കണമെന്ന് ചിലർ പറഞ്ഞെങ്കിലും ജയചന്ദ്രന് പകരം ഒരാളെ കമലിന് ചിന്തിക്കാനായില്ല. കോവളത്തായിരുന്നു കംപോസിംഗ്. റെക്കാഡിംഗ് ചെന്നൈയിലും. രാവിലെയാണ് റെക്കാഡിംഗ് നിശ്ചയിച്ചതെങ്കിലും ഓർക്കസ്ട്രേഷൻ പൂർത്തിയായപ്പോൾ വൈകി. രാവിലെ തൊട്ട് റെക്കാഡിംഗ് എപ്പോഴാണെന്നറിയാൻ ജയചന്ദ്രൻ വിളിച്ചതും കമൽ ഓർത്തു. രാത്രി 11.30നാണ് ജയചന്ദ്രൻ പാടുന്നത്. രാത്രി ശബ്ദം മോശമാകുമെന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു. പെട്ടെന്ന് പാട്ട് പഠിച്ചെടുത്തു. ഗ്രാമഫോണിലെ എന്തേ ഇന്നും വന്നില്ല..., മേഘമൽഹാറിലെ പൊന്നുഷസെന്നും..., പെരുമഴക്കാലത്തിലെ കല്ലായി കടവത്ത് എന്നീ ഗാനങ്ങളും കമൽ-പി.ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്നു.