
തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിലൊന്നായ കെ.എസ്.ഇ.ബി.യിൽ നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണം.
അസിസ്റ്റന്റ് എൻജിനിയർ,കാഷ്യർ,മീറ്റർ റീഡർ തസ്തികളിലാണ് നിയമനങ്ങൾ നടക്കാത്തത്.സ്മാർട്ട് മീറ്റർ വരുന്നത് പരിഗണിച്ചാണ് മീറ്റർ റീഡർ,കാഷ്യർ തസ്തികളിൽ നിയമനം കുറച്ചത്.സബ് എൻജിനീയർ തസ്തികയിൽ കഴിഞ്ഞമാസം 125 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ട്. എന്നാൽ, അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട്ചെയ്യാൻ മടിക്കുകയാണ്. റിപ്പോർട്ട് ചെയ്തത് ആറ് ഒഴിവുകളാണ്. അതാകട്ടെ, കഴിഞ്ഞ ലിസ്റ്റിൽ നിന്ന് അഡ്വൈസ് മെമ്മോ നൽകിയിട്ടും ജോലി സ്വീകരിക്കാത്തവരുടെ ഒഴിവുകളാണ്. നിലവിൽ 180 ഒഴിവുകൾ ഉണ്ടെന്നാണ് സൂചന. ഒഴിവുകൾ പി.എസ്.സി ചോദിച്ചിട്ടും അറിയിക്കാൻ കെ.എസ്.ഇ.ബി തയ്യാറല്ല.
.നിലവിലെ ഒഴിവും അടുത്ത മൂന്ന് വർഷം ഉണ്ടാകാനിടയുള്ള ഒഴിവും കണക്കിലെടുത്താണ് റിപ്പോർട്ട് ചെയ്യേണ്ടത്. കഴിഞ്ഞ വർഷം ജൂണിൽ അസി.എൻജിനിയർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയിരുന്നു. മെയിൻ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ്, ഭിന്നശേഷിക്കാരുടെ ലിസ്റ്റ് എന്നിവ ഉൾപ്പെടെ കേവലം 785 പേരുടെ ഷാേർട്ട് ലിസ്റ്റ് ഈ ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുൻ ഷാേർട്ട് ലിസ്റ്റുകളിൽ 2000 പേരെ ഉൾപ്പെടുത്തിയിരുന്നു.ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് ലിസ്റ്റ് ചുരുക്കേണ്ടിവന്നതെന്ന് പി.എസ്.സി.പറയുന്നു.23,855 പേർ അപേക്ഷിക്കുകയും ഏകദേശം 18000 പേർ പരീക്ഷ എഴുതുകയും ചെയ്തിരുന്നു. ഇനി 2027ൽ മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയുള്ളു. അപ്പോഴേക്കും നിരവധിപേരുടെ പ്രായപരിധി കഴിയും.
ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നാണ് റെഗുലേറ്ററി കമ്മിഷൻആവശ്യപ്പെടുന്നത്. ഇതിനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ടുവർഷമായി കെ.എസ്.ഇ.ബി. നടത്തുന്നത്.
പി.എസ്.സി വഴി
40% നിയമനം മാത്രം
അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലെ മൊത്തം ഒഴിവുകളിൽ 40% മാത്രമാണ് പി.എസ്.സി.വഴി നിയമനം നടത്തുന്നത്. അതിലാണ് 180 ഒഴിവുകൾ. ശേഷിക്കുന്ന ഒഴിവുകളിൽ 10% സർവീസ് ക്വാട്ടയിലും 30% ഡിപ്ളോമ പ്രമോഷൻ ക്വാട്ടയിലും 20% ഐ.ടി.ഐ.പ്രമോഷൻ ക്വാട്ടയിലും നികത്തും.
30321:
നിലവിലെ
ജീവനക്കാർ
27200:
നിയമനം വെട്ടിച്ചുരുക്കി
ലക്ഷ്യം വയ്ക്കുന്നത്
1100 - 2000:
പ്രതിവർഷം
വിരമിക്കുന്നവർ
"പുനർവിന്യാസവും സാങ്കേതിക പരിഷ്ക്കരണ നടപടികളും പൂർത്തിയാക്കിയശേഷം ഒഴിവുകൾ പൂർണ്ണമായി നിർണ്ണയിക്കും.അനിവാര്യമായ ഒഴിവുകളിലേക്ക് നിയമനങ്ങൾ നടത്തുന്നുണ്ട്."
കെ.എസ്.ഇ.ബി.
സിവിൽ പൊലീസ്നിയമനം:
5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിന് 307പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയിൽ നിന്ന് ലഭിക്കാനുണ്ടെന്നും ഇതുവരെ അഡ്വൈസ് ചെയ്ത 1298 ഉദ്യോഗാർത്ഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിലാണെന്നും ഡി.ജി.പി യുടെ ഓഫീസ് അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് 3,070 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് . ഇതുവരെ 5,038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എൻ.ജെ.ഡി ഒഴിവുകളും ഇതിൽപെടും. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒഴിവുകളും 1,200 താത്കാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്ഥാനക്കയറ്റം വഴി നികത്തപ്പെടേണ്ട സബ് ഇൻസ്പെക്ടർ എന്നിവ ഉൾപ്പടെയുള്ള തസ്തികകളിലെ ഒഴിവുകൾ അതതു ജില്ലകളിലെ സിവിൽ പൊലീസ് ഓഫീസർ നിയമനം നടത്തുന്ന ബറ്റാലിയനിലെ ഒഴിവുകളായി കണക്കാക്കിയാണ് പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്യുന്നതെന്നും അറിയിപ്പിൽ പറയുന്നു.
.