general

ബാലരാമപുരം: തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിക്കലിനായി വീടും വസ്‌തുവും റെയിൽവേയ്‌ക്ക് വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ഭൂവുടമകൾ ദുരിതത്തിൽ.
പദ്ധതിയുടെ ഭാഗമായി ബാലരാമപുരം ഭാഗത്തെ 30ഓളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. ആദ്യഘട്ട വിലനിർണയത്തിൽ എതിർപ്പുകളുണ്ടായെങ്കിലും കുടിയൊഴിപ്പിക്കൽ പാക്കേജ് റെയിൽവേ പ്രഖ്യാപിച്ചതോടെ വസ്‌തുക്കൾ കൈമാറുകയായിരുന്നു. വസ്‌തുവിന്റെ ഒറിജിനൽ പ്രമാണം,​പൊസഷൻ സർട്ടിഫിക്കറ്റ്,​ഇൻകംമ്പറൻസ്,​നോൺ ലയബിലിറ്റി,​വസ്തുകരമൊടുക്കിയ രസീത് തുടങ്ങിയ രേഖകളെല്ലാം ഭൂവുടമകൾ നൽകി. പാരൂർക്കുഴി-നെയ്യാറ്റിൻകര ഭാഗത്തെ ലാൻഡ് അക്യൂസിഷൻ രണ്ടിലുള്ള ഭൂവുടമകൾക്കാണ് നഷ്ടപരിഹാരം വൈകുന്നത്.
വീടും സ്ഥലവും നഷ്ടമാകുന്നവ‌ർക്ക് റെയിൽവേ അനുവദിച്ച കുടിയിറക്കൽ പാക്കേജിലെ 4.60 ലക്ഷം രൂപയും ഇതുവരെ അർഹതപ്പെട്ടവർക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 29നാണ് ഭൂവുടമകൾ രേഖകൾ റവന്യൂ വിഭാഗത്തിന് കൈമാറിയത്. ഭൂവുടമകൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അധികൃതർ അനുകൂല നടപടിയെടുത്തിട്ടില്ല. വീടിന്റെ താക്കോൽ കൈമാറുന്നതിന്റെ തലേദിവസമായ ഫെബ്രുവരി 15ന് കുഴഞ്ഞുവീണ തലയൽ കുഞ്ചുവിളാകത്ത് വീട്ടിൽ ഉഷ (58)​ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25ന് മരിച്ചിരുന്നു. വീടും സ്ഥലവും നഷ്ടമാകുന്നതിന്റെ വിഷമത്തിലായിരുന്നു ഇവരെന്ന് മകൻ വിനോദ് പറയുന്നു. താമസിക്കാൻ മറ്റ് മാർഗമില്ലാതെ വാടക വീട് തേടി അലയുകയാണ് മകൻ.
തലയൽ തേമ്പാമുട്ടം കുഞ്ചുവിളാകത്ത് വീട്ടിൽ ശോഭന (നാലുസെന്റും വീടും)​,​വലിയവിളാകത്ത് വീട്ടിൽ സരസ്വതി (മൂന്ന് സെന്റും വീടും)​,​വലിയവിളാകത്ത് വീട്ടിൽ കൃഷ്ണകുമാരി (പതിനൊന്നര സെന്റും വീടും)​,​തുമ്പോട് വലിയവിളാകത്ത് വീട്ടിൽ സജിത്ത് (അഞ്ച് സെന്റും വീടും)​,​ഐക്കോട്ടുകോണം ചിറത്തലവിളാകം ശ്രീദേവിൽ ബിജി (പന്ത്രണ്ടര സെന്റ് )​ എന്നിവരെല്ലാം വസ്‌തുവും വീടിന്റെ പ്രമാണവും കൈമാറി പ്രതിസന്ധിയിലായി. കള‌ക്ട‌റേറ്റിലും റവന്യു ഓഫീസിലും നഷ്ടപരിഹാരത്തിനായി കയറിയിറങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഇവരെ തിരികെ അയയ്‌ക്കുകയാണ്.
റവന്യൂ രേഖകൾ സമഗ്രമായി പരിശോധിച്ച് തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേയ്ക്ക് കൈമാറിയാണ് നഷ്ടപരിഹാരം നൽകുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ജനപ്രതിനിധികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും ആരും ഇടപെട്ടില്ലെന്നാണ് ഇവരുടെ പരാതി.