
തിരുവനന്തപുരം:'ടെൻഷനോ എന്തിന്..?പരീക്ഷയ്ക്ക് ഞങ്ങൾക്കെല്ലാം നല്ല മാർക്ക് കിട്ടും..' നാളെ തുടങ്ങുന്ന പത്താം ക്ലാസ് പരീക്ഷ എഴുതാനൊരുങ്ങുന്ന ശ്രീചിത്രാ ഹോമിലെ കുട്ടികൾ ചുറുചുറുക്കോടെ പറയുന്നു.ബിനിഷ,അഞ്ജു, ശ്രീലക്ഷ്മി,നവ്യ,അമൽ, മണികണ്ഠൻ,നന്ദന,ഫാത്തിമ,അർച്ചന,അരുണിമ,വൈഷ്ണവി ...ഇവിടെ നിന്ന് ഇക്കുറി പരീക്ഷയെഴുതുന്നത് 11 പേരാണ്.
ആദ്യദിനം മലയാളം പരീക്ഷയാണ്. ഭൂരിഭാഗം പേരുടെയും ഇഷ്ടവിഷയവും മലയാളമാണ്.ബയോളജിയും കണക്കും ഇഷ്ടപ്പെടുന്നവരുമുണ്ട്.ഫോർട്ട് ഹൈസ്കൂൾ,മോഡൽ സ്കൂൾ,കോട്ടൺ ഹിൽ എന്നിവിടങ്ങളാണ് സെന്ററുകൾ. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്കും പ്രത്യേകതയുണ്ട്.ഒറ്റയ്ക്കും കൂട്ടമായും പഠിക്കും.സംശയങ്ങൾ ഉറങ്ങും മുമ്പ് ചർച്ച ചെയ്യും.പരസ്പരം ചോദ്യങ്ങൾ ചോദിക്കും.മുൻപ് പരീക്ഷ എഴുതിയവരോട് ടെക്നിക്കുകൾ ചോദിച്ചറിയും.വിശ്രമവേളകളിൽ സിനിമ കാണും.രണ്ടുമാസമായി പൂർണമായും പഠനത്തിലാണ് ശ്രദ്ധ.ഒട്ടും സമ്മർദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയാറെടുക്കാൻ ശ്രീചിത്രാ ഹോമിന്റെ നേതൃത്വത്തിൽ നടത്തിയ 'പരീക്ഷാ പേടി' എന്ന ക്ലാസുകൾ സഹായിച്ചുവെന്ന് കുട്ടികൾ പറയുന്നു. ചോദ്യപേപ്പർ കഠിനമായി തോന്നിയാൽ എളുപ്പമുള്ളവ ആദ്യം എഴുതണം.മോഡൽ എക്സാമിൽ ഈ വിദ്യകൾ പയറ്റിനോക്കി.നവ്യയും ശ്രീലക്ഷ്മിയുമാണ് കൂട്ടത്തിലെ പഠിപ്പിസ്റ്റുകൾ.മലയാളം ഒന്നാം പേപ്പറിലെ വിശ്വരൂപം, പാവങ്ങൾ എന്നീ കഥകളാണ് എല്ലാവർക്കും ഏറ്റവും പ്രീയപ്പെട്ടത്. 'നന്നായി പഠിക്കാം' എന്ന ട്യൂഷൻ ക്ലാസും സഹായിച്ചു.
ഭാവിയിലെ താരങ്ങൾ
ഭാവിയിലെ വക്കീലും സിനിമാ നടിയും ഫോട്ടോഗ്രാഫറും ഇക്കൂട്ടത്തിലുണ്ട്.പത്താംക്ലാസ് പരീക്ഷ ജീവിതത്തിലെ വലിയൊരു കടമ്പയാണെന്ന ചിന്തയോടെ അല്ല സമീപിക്കുന്നത്.ഹിന്ദിയിൽ പ്രീമോഡലിന് മാർക്ക് കുറഞ്ഞെങ്കിലും യഥാർത്ഥ പരീക്ഷയ്ക്ക് അതൊന്നും ബാധിക്കില്ലെന്നും ഇവർ പറയുന്നു.