തിരുവനന്തപുരം: വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.സ്മാർട്ട് സിറ്റിയുടെ പണികൾ ഉൾപ്പെടെ നടക്കുന്നതിനാൽ പലയിടത്തും ജലവിതരണവും തടസപ്പെടുന്നുണ്ട്. കിണറുകൾ വറ്റിയതും ജലക്ഷാമത്തിന്റെ ആക്കം കൂട്ടുന്നു. വലിയശാല വാർഡിൽ പകുതിയോളം കുടുംബങ്ങളിലും വെള്ളത്തിന് ദൗർലഭ്യതയുണ്ട്. വ്യാസ റസിഡന്റ്സ് അസോസിയേഷൻ,ബാബുജി നഗർ റസിഡന്റ്സ്,ശ്രീചിത്രാ റസിഡന്റ്സ് എന്നിവിടങ്ങളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. പകലാണ് വെള്ളം മുടങ്ങുന്നത്. ചില ദിവസങ്ങളിൽ രാത്രിയും മുടങ്ങും. ചിലപ്പോൾ മുകൾ നിലയിൽ മാത്രം വെള്ളം ലഭിക്കില്ല. രാത്രിയിൽ ശേഖരിക്കുന്ന ജലമാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്.
നാളെ പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുന്നതോടെ ബുദ്ധിമുട്ട് കൂടും. നാല്പത് വർഷത്തിലേറെ പഴക്കമുള്ള മൺപൈപ്പുകളാണ് ഇവിടെ ഏറെയും.പൈപ്പുകളുടെ വ്യാസം കൂട്ടണമെന്നും പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.പകുതി വീടുകളുടെ പ്രശ്നം പരിഹരിച്ചെന്ന് വാർഡ് കൗൺസിലർ കൃഷ്ണകുമാർ അറിയിച്ചു.
ഇവിടെയും പ്രശ്നം
മുൻവർഷങ്ങളിൽ കുടിവെള്ളക്ഷാമമുണ്ടായിരുന്ന വിഴിഞ്ഞത്ത് ഇക്കുറി വലിയ പ്രശ്നമില്ലെന്ന് കൗൺസിലർ സമീറ എസ്.മിഖ്ദാദ് പറഞ്ഞു. ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല.ചാലയിൽ ഇടയ്ക്കിടയ്ക്ക് ജലവിതരണം മുടങ്ങാറുണ്ട്.കൊത്തുവാൾത്തെരുവിൽ വെള്ളം മുകൾനിലയിലേക്ക് എത്താറില്ല.മുമ്പ് നല്ല വേഗതയിൽ വെള്ളം കിട്ടിയിരുന്ന സ്ഥലമായിരുന്നു ഇതെന്ന് വാർഡ് കൗൺസിലർ സിമി ജ്യോതിഷ് പറയുന്നു.വാൽവിന്റെ തകരാറാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും ഇടയ്ക്ക് പൈപ്പ് ലൈൻ ലീക്കാവാറുണ്ട്. വട്ടിയൂർക്കാവ്,പൂജപ്പുര,തിരുമല,കരമന, മണക്കാട്,ശാസ്തമംഗലം,കേശവദാസപുരം എന്നിവിടങ്ങളിലും ജലവിതരണം ഇടയ്ക്കിടയ്ക്ക് തടസപ്പെടാറുണ്ട്.
പേരാപ്പൂരിൽ വെള്ളമില്ലാതായിട്ട് രണ്ടാഴ്ച
കുടപ്പനക്കുന്ന് പേരാപ്പൂര് മേഖലയിൽ കുടിവെള്ളം ലഭിക്കാതെയായിട്ടും ജലഅതോറിട്ടി മുട്ടുന്യായങ്ങൾ പറഞ്ഞ് കൈയൊഴിയുന്നതായി നാട്ടുകാർ.രൂക്ഷമായ കുടിവെള്ളക്ഷാമം സംബന്ധിച്ച് ജലഅതോറിട്ടിയുടെ പരാതി പരിഹാര സെല്ലിലും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കും ഓവർസിയർക്കുമൊക്കെ പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല.
പേരാപ്പൂരിന് സമീപത്തുള്ള മറ്റ് മേഖലകളിൽ ഒരിടത്തും കുടിവെള്ളത്തിന് യാതൊരു പ്രശ്നവുമില്ല.പ്രദേശത്തെ ഇരുപതോളം വീടുകളിലായി നൂറ്റിയമ്പതോളം പേരുണ്ട്.കുടിവെള്ളക്ഷാമത്തിന് കാരണം റോഡിന് അടിയിലൂടെയുള്ള പൈപ്പ് ലൈനിലെ ചോർച്ചയാണെന്നാണ് ജലഅതോറിട്ടി പറയുന്നത്.ചോർച്ച പരിഹരിക്കണമെങ്കിൽ റോഡ് വെട്ടിക്കുഴിക്കേണ്ടിവരും. അടുത്തിടെ ടാർ ചെയ്ത റോഡായതിനാൽ കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം. പുതിയ റോഡായതിനാൽ ഉടൻ അനുമതി ലഭിക്കാനിടയില്ല.