തിരുവനന്തപുരം: നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കാതെ വന്നതോടെ പ്രതിഷേധം കടുപ്പിച്ച് കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ്. സർക്കാർ പ്രതിനിധികൾ ചർച്ചയ്‌ക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ഇന്നലെ വൈകിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അപ്രതീക്ഷിതമായി റോഡ് ഉപരോധിച്ചു.

ഇതുവഴിയുള്ള ഗതാഗതം താറുമാറായതിനെ തുടർന്ന് എം.ജി റോഡിലെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഉപരോധത്തിനിടെ നാല് ഉദ്യോഗാർത്ഥികൾ പെട്രോൾ തലയിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ സെക്രട്ടേറിയറ്റിന് മുൻവശം സംഘർഷഭരിതമായി. തീകൊളുത്താനുള്ള ശ്രമത്തിനിടെ പൊലീസ് ഇടപെട്ട് പെട്രോൾ ഉൾപ്പെടെ ഇവരെ കസ്റ്റഡിയിലെടുത്തു. നന്ദാവനം പൊലീസ് ക്യാമ്പിലെത്തിച്ച ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. ഡി.ജി.പി ഷേയ്‌ക്ക് ദർവേഷ് സാഹിബുമായി ചർച്ച നടത്താനും ഉദ്യോഗാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.

ചർച്ചയ്‌ക്ക് വിളിക്കുംവരെ സമരം

സർക്കാർ ചർച്ചയ്‌ക്ക് വിളിക്കുന്നതുവരെ റോഡ് ഉപരോധം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. നിയമനം നൽകുക എന്നത് മാത്രമാണ് സമരം അവസാനിപ്പിക്കാനുള്ള പോംവഴിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സമരത്തിന്റെ ഭാഗമാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കാത്തപക്ഷം സമരം മറ്റു രീതികളിലേക്ക് മാറുമെന്നും മറ്റു പോംവഴികളില്ലാത്തതിനാലാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്നും ഇവർ വ്യക്തമാക്കി. രാത്രി വൈകിയും ഉപരോധവും പ്രതിഷേധവും തുടർന്നു. ഇന്നലെ രാവിലെ എല്ലാ ജില്ലകളിലെയും ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ച് മഹാസംഗമം നടത്തിയിരുന്നു. ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങൾ,സുഹൃത്തുക്കൾ,സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. ഇന്നലെ എം.വിൻസെന്റ് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്‌തു.

ശശിതരൂർ എം.പി,​മാത്യു കുഴൽനാടൻ എം.എൽ.എ,​മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ,അദ്ധ്യാപകൻ മൻസൂർ അലി ആത്തുങ്കൽ,കെ.എം.ഷാജഹാൻ,ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്‌ണുമോഹൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ തുടങ്ങിയവർ സമര സ്ഥലത്തെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.