തിരുവനന്തപുരം: റോഡ് വികസനത്തിനായി രണ്ടുദിവസമായി നടക്കുന്ന മരം മുറിക്കലിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പേ വാർഡിൽ വൈദ്യുതി മുടങ്ങി.രാവിലെ മുതൽ വൈദ്യുതി മുടങ്ങിയതോടെ പേ വാർഡിലെ രോഗികളും ബന്ധുക്കളും ദുരിതത്തിലായി.ക്ഷുഭിതരായ രോഗികളും കൂട്ടിരിപ്പുകാരും ഇന്നലെ വൈകിട്ട് ആശുപത്രി സൂപ്രണ്ടിനോട് തട്ടിക്കയറി.
മരംമുറി അവസാനിക്കാത്തതിനാൽ ഇന്നും സ്ഥിതി തുടരും.തൈക്കാട് ഭാഗത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ കൂറ്റൻ തണൽമരങ്ങൾ മുറിക്കാൻ തുടങ്ങിയത്. വെള്ളിയാഴ്ച മുതലാണ് സമീപത്തെ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് മരംമറിക്കുന്നത്. മരംമുറി കാരണം തൈക്കാട് പരിസരത്ത് വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും ബദൽക്രമീകരണങ്ങൾ ഒന്നും നടത്താത്തതിനാൽ പേവാർഡിൽ പകൽ മുഴുവനും വൈദ്യുതിയില്ലാത്ത അവസ്ഥയായി.
വേനൽക്കാലം കൂടിയായതിനാൽ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ് പേവാർഡുകളിൽ കിടക്കുന്നവർ ബുദ്ധിമുട്ടിലാണ്.
ബദൽ ക്രമീകരണമായി ജനറേറ്റർ സംവിധനം ഏർപ്പെടുത്താത്തതാണ് രോഗികളെയും കൂട്ടിരിപ്പികാരെയും ദുരിതത്തിലാക്കിയത്. എന്നാൽ ശസ്ത്രക്രിയ തിയേറ്ററുകളിലും ലേബർ റൂമുകളിലും കൂടാതെ നഴ്സറികളിലും ജനറേറ്റർ സംവിധാനമുണ്ടായിരുന്നതിനാൽ മറ്റ് വിഭാഗങ്ങളിൽ വൈദ്യുതി മുടക്കം പ്രതിസന്ധി സൃഷ്ടിച്ചില്ല.ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ 29 ഓളം പേവാർഡുകളാണുള്ളത്. അതിൽ ആറെണ്ണം ഡീലക്സ് പേവാർഡാണ്.