palam

കാട്ടാക്കട: അപകടക്കെണിയായി കാട്ടാക്കട - തിരുവനന്തപുരം റോഡ്.കാട്ടാക്കടയിൽ നിന്ന് കുണ്ടമൺകടവ് ഭാഗം വരെയുള്ള യാത്ര ദുഷ്കരമാണ്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥകാരണം അപകടങ്ങൾ തുടർക്കഥയാവുകയാണ്.

ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ പിതാവിനൊപ്പം പോയ മൂന്നുവയസുകാരി മലയിൻകീഴിന് സമീപംവച്ച് അപകടത്തിൽപ്പെട്ട് മരിച്ചു. ആറുപേർ ആശുപത്രികളിൽ ചികിത്സകളിലാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയെടുത്ത റോഡിലെ കുഴിയും,റോഡിലെ മൺകൂനയുമാണ് അപകടത്തിന് കാരണം.

തെക്കൻ മലയോര പഞ്ചായത്തുകളിലുള്ളവർക്ക് തലസ്ഥാനത്തേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണ് കാട്ടാക്കട- തിരുമല റോഡ്. ഈ റോഡിനാണ് ഈ ഗതികേട്. വെള്ളറട,അമ്പൂരി,ഒറ്റശേഖരമംഗലം,കള്ളിക്കാട്,ആര്യങ്കോട്,പൂവച്ചൽ,കാട്ടാക്കട,കുറ്റിച്ചൽ,ആര്യനാട്,മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ ഗ്രാമപ‍ഞ്ചായത്തിലെ നിവാസികളാണ് കാട്ടാക്കട - തിരുമല റോഡിനെ ആശ്രയിക്കുന്നത്.
അന്തിയൂർകോണം പാലം ജംഗ്ഷനിലും അപകടം പതിവാണ്. ഇവിടെ റോഡ് വീതി കൂട്ടി ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി സമന്തരമായി പാലം നിർമ്മിച്ചിട്ട് വർഷങ്ങളേറെയായി. ഈ പാലം നാട്ടുകാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിർമ്മാണ സാമഗ്രഹികൾ ഇറക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. റോഡാകെ പൊടിയിൽ മൂടിയിരിക്കുന്നതുകാരണം വ്യാപാരികളും പ്രദേശവാസികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.

പൈപ്പിനായി കുഴിച്ചു;

അപകടക്കെണിയായി

കാട്ടാക്കട മുതൽ പേയാട് വരെ ജലജീവൻ പദ്ധതിക്കായി രണ്ട് വശങ്ങളിലും കുഴിച്ചിട്ടതോടെ റോഡ് കൂടുതൽ ഗതികേടിലായി. പൈപ്പിടുന്നതിനുവേണ്ടി കുഴിയെടുത്തശേഷം കുഴി മൂടിയെങ്കിലും പലേടത്തും ജീവനെടുക്കുന്ന കുഴികളും മൺതിട്ടകളുമാണ്.പൈപ്പിടാൻ കുഴിച്ചശേഷം പൈപ്പുകളിട്ട് മണ്ണിട്ടതൊഴിച്ചാൽ മറ്റൊരു പണിയും ചെയ്തില്ല.കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കാട്ടാക്കടയ്ക്കും തിരുമലയ്ക്കും ഇടയിൽ അപകടത്തിൽ മരിച്ചത് പത്തിലേറെപ്പേരാണ്.

മറ്റുപ്രശ്നങ്ങൾ

റോഡിൽ വഴിമുടക്കി നിൽക്കുന്ന ഇലക്ട്രിക്- ടെലിഫോൺ പോസ്റ്റുകളാണ് മറ്റൊരു പ്രശ്നം.യാതൊരു ഉപയോഗമില്ലാതെ അപകടക്കെണിയായി നിൽക്കുന്ന ടെലിഫോൺ പോസ്റ്റുകൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിനിരുവശങ്ങളിലും പൈപ്പുകളും,നിർമ്മാണസാമഗ്രികളും മെറ്റലും കരിങ്കല്ലുമൊക്കെ അലക്ഷ്യമായികൊണ്ടിടുന്നതും അപകടങ്ങൾക്കിടയാക്കുന്നു

ആറ് മാസത്തിനിടെ

കഴിഞ്ഞ ആറ് മാസത്തിനിടെ കാട്ടാക്കട - തിരുമല റോഡിൽ അപകടം നടക്കാത്ത ദിവസങ്ങളില്ല.രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ തക്ക വീതിയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും കുഴിച്ചതോടെയാണ് അപകടങ്ങൾ കൂടിയത്. ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്രവാഹന യാത്രക്കാരാണ്.