deepfake

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനു അരങ്ങൊരുങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണങ്ങളും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാദ്ധ്യങ്ങളിൽ കാണുന്ന പോസ്റ്റുകളിൽ പ്രത്യേക ശ്രദ്ധവേണമെന്നും വ്യാജന്മാരെ സൂക്ഷിക്കണമെന്നുമാണ് സൈബർ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ടുകളും ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയുമാണ് വ്യാജന്മാരുടെ ആയുധം. എതിരാളികൾക്കെതിരെ വ്യാജ പ്രചാരണം നടത്താൻ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചേക്കാമെന്നാണ് ആശങ്ക. പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഡീപ്പ് ഫേക്ക് വീഡിയോ പുറത്തുവന്നത് വാർത്തയായിരുന്നു.

മൈക്രോസോഫ്റ്റിന്റെ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയാണ് സന്ദേശം നൽകിയാൽ വീഡിയോ ആക്കി മാറ്റുന്ന സംവിധാനം വികസിപ്പിച്ചത്. മിഡ്‌ജേർണി പോലുള്ള എ.ഐ ടൂളുകളിടെ സഹായത്തിലാണ് സ്ഥാനാർത്ഥിയുടെ ആകർഷകമായ ചിത്രങ്ങൾ തയ്യാറാക്കുന്നത്. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി മകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനെ പ്രകീർത്തിക്കുന്നതും ബി.ജെ.പിയെ വിമർശിക്കുന്നതുമായ ഡീപ്പ് ഫേക്ക് വീഡിയോയും അടുത്തിടെ പ്രചരിച്ചിരുന്നു. മരിച്ചതും വിശ്രമിത്തിലുമുള്ള ജനസമ്മതരായ നേതാക്കളെ പുനർസൃഷ്ടിച്ചുള്ള പ്രചാരണവും കൊഴുക്കുകയാണ്. സ്വകാര്യ കൺട്ടൾട്ടിംഗ് സ്ഥാപനങ്ങളിലൂടെയാണ് ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നത്.

ഇവ ശ്രദ്ധിക്കണം

1.നടന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും വ്യാജ ഫോട്ടോകളും എ.ഐ വീഡിയോകളും ഉപയോഗിച്ചുള്ള വോട്ട് അഭ്യർത്ഥനകൾ

2.പ്രമുഖ വ്യക്തികളുടെ പേരിലുള്ള വ്യാജ പോസ്റ്രുകൾ

3.എതിർപാർട്ടിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന നേതാക്കളുടെ വീഡിയോകൾ

4.എതിർ സ്ഥാനാർത്ഥികൾക്കെതിരെ ലൈംഗികപരവും മതസ്പർദ്ദ ഉണ്ടാക്കുന്നതുമായ പോസ്റ്റുകൾ

5.അസ്വഭാവികമായി തോന്നുന്ന വീഡിയോകൾ ഷെയർ ചെയ്യരുത്.

6.വ്യാജ വീഡിയോകൾ കണ്ടെത്താനുള്ള എ.ഐ ടൂളുകൾ: വീ- വെരിഫൈ, ഡീപ്‌വെയർ സ്കാന്നർ

7.വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കുക

നിയമം

ഡീപ്ഫേക്കിനെതിരെയുള്ള നിയമങ്ങൾ രാജ്യത്തില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടത്തിലും നൽകിയിട്ടില്ല. ഐ.ടി നിയമപ്രകാരവും വ്യക്തിയെ അപകീർത്തിപ്പെടുത്തൽ,​ വ്യാജവാർത്ത സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുക്കുന്നത്.

ഭരണപക്ഷം പ്രതിപക്ഷത്തിനു വേണ്ടിയും പ്രതിപക്ഷം സ്വതന്ത്രസ്ഥാനാർത്ഥിക്കു വേണ്ടിയും വോട്ടഭ്യർത്ഥിച്ചേക്കാം. കാണുന്നതെല്ലാം വിശ്വസിക്കരുത്.

-വിജയ് തോമസ്,

സൈബർ വിദഗ്ദ്ധൻ

ജില്ലകളിൽ വ്യാജ വാർത്തകൾ തടയാൻ നോഡൽ ഓഫീസറെ നിയമിക്കാൻ സൈബർ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

-അഡി. ചീഫ്

ഇലക്ടറൽ ഓഫീസർ