ss

മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തവർഷമേ ആരംഭിക്കൂ. ഈ വർഷം ചിത്രീകരണം ആരംഭിച്ച് അടുത്തവർഷം വിഷു റിലീസായി റമ്പാൻ എത്തിക്കാനായിരുന്നു തീരുമാനം. എമ്പുരാന്റെയും സത്യൻ അന്തിക്കാട്, പ്രിയദർശൻ,ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷമേ മോഹൻലാൽ റമ്പാനിൽ ജോയിൻ ചെയ്യൂ. യു.എസിൽ എമ്പുരാന്റെ ലൊക്കേഷനിലാണ് മോഹൻലാൽ. തുടർന്ന് ചെന്നൈയിലും എമ്പുരാന് ചിത്രീകരണമുണ്ട്. ഏപ്രിലിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ആണ് രചന. ആദ്യമായാണ് ഇഖ്ബാൽ കുറ്റിപ്പുറം മോഹൻലാൽ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ജിത്തു ജോസഫിന്റെ റാമിന്റെ ആദ്യ ഭാഗത്തിന് ഇനി പത്തുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഒാണം റിലീസായാണ് റാം ഒരുങ്ങുന്നത്. റാം പൂർത്തിയാക്കിയശേഷം മോഹൻലാൽ പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കും. വിനീത് ശ്രീനിവാസൻ ആണ് രചന. വിനീത് ശ്രീനിവാസൻ ആദ്യമായാണ് മോഹൻലാൽ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. അതേസമയം ബിഗ് ബഡ്ജറ്റിൽ ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന റമ്പാന് ചെമ്പൻ വിനോദ് രചന നിർവഹിക്കുന്നു. ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വെള്ളിത്തിര പ്രവേശം കൂടിയാണ് റമ്പാൻ. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, എയ്‌ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.