
കല്ലമ്പലം: കടുവയിൽ മുസ്ലിം ജമാ അത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും 2024-27വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വാശിയേറിയ പോരാട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. നാളെ കെ.ടി.സി.ടി ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ് സമയം. വൈകിട്ട് 5 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. രാത്രി 10ഓടെ ഫലം പ്രഖ്യാപിക്കും. വിജയിക്കുന്ന പാനൽ 5 ദിവസത്തിനുള്ളിൽ ഭരണം ഏറ്റെടുക്കും. മുസ്ലിം ജമാഅത്തിന്റെ 7 വാർഡിലുള്ള 1200ഓളം പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഒരാളിന് 31 വോട്ടാണുള്ളത്. സംസ്ഥാന വഖഫ് ബോർഡിൽ നിന്നുള്ള രണ്ടുപേരുടെ നിരീക്ഷണത്തിലും വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സുരക്ഷയിലുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അഡ്വ.നസീർ ഹുസൈനാണ് വരണാധികാരി. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി 31 അംഗങ്ങൾ വീതമാണ് മത്സരിക്കുന്നത്. ഒരു സ്വതന്ത്രനുമുണ്ട്. ഇദ്ദേഹം നിലവിലെ ഭരണപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്.
നിലവിലെ ഭരണസമിതിയെ നിലനിറുത്തുന്നതിനായി ഇ.ഫസിലുദ്ദീൻ,കടുവയിൽ ഷാജഹാൻ മൗലവി,ഇർഷാദ് ബാഖവി, മൻസൂറുദ്ദീൻ റഷാദി എന്നിവരുടെ നേതൃത്വത്തിലും ഭരണം പിടിച്ചെടുക്കാനായി പി.ജെ.നഹാസ്, എം.എച്ച് ബദറുദ്ദീൻ, എം.എ.മനാഫ്, സജാദ് മരുതംകോണം എന്നിവരുടെ നേതൃത്വത്തിലുമാണ് പ്രചാരണം നടക്കുന്നത്.