
അരുവിപ്പുറം:ഭ്രാന്താലയമായിരുന്ന കേരളത്തെ സാംസ്കാരിക കേരളമാക്കിയത് മഹാകവി കുമാരനാശനാണെന്ന് ഭാഷാ പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ അഭിപ്രായപ്പെട്ടു.അരുവിപ്പുറം ക്ഷേത്രത്തിലെ 136 മഹാപ്രതിഷ്ഠ വാർഷികത്തിൽ കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമാരനാശാൻ അക്ഷരങ്ങൾ കൊണ്ടുള്ള പോരാട്ടമാണ് നടത്തിയത്. അന്നത്തെ കവികൾ രാജാക്കന്മാരെയും നാടുവാഴികൾക്കും വേണ്ടി സ്തുതിഗീതങ്ങൾ പാടുന്ന കാലഘട്ടമായിരുന്നു. ആ കാലഘട്ടത്തിലാണ് മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഉറക്കെ പാടുവാൻ തയ്യാറായത്. കുമാരനാശാനെ കവി എന്ന് വിളിക്കാൻ പോലും അന്നത്തെ എഴുത്തുകാരും സമൂഹവും തയ്യാറായില്ല. കുമാരു എന്ന മുത്തിനെ തേച്ചു മിനുക്കി മഹാകവിയാക്കി മാറ്റിയത് ശ്രീനാരായണഗുരുദേവനാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് കേരള യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. എം.എ. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഡോ.അജയൻ പനയറ, ഡോ.ബിജു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അജി അരുവിപ്പുറം നന്ദിയും പറഞ്ഞു.