1

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐക്കൺ ക്ലിനിക്കൽ റിസർച്ച് കമ്പനിയിലെ ഫിനാൻസ് അസോസിയേറ്റായ എറണാകുളം ഇളന്തിക്കര പുത്തൻവേലിക്കര മാളിയേക്കൽ വീട്ടിൽ നിഖിൽ ആന്റണിയാണ് (29) മരിച്ചത്.

കഴക്കൂട്ടത്തെ ബാർ ഹോട്ടലിലെ 305-ാം നമ്പർ എക്സിക്യുട്ടീവ് മുറിയിലാണ് ഇന്നലെ രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വെെകിട്ട് 6.30നാണ് നിഖിൽ ഹോട്ടലിൽ മുറിയെടുത്തത്. സുഹൃത്തിനെ കാണാൻ വേണ്ടിയാണ് റൂമെടുക്കുന്നതെന്നാണ് ഹോട്ടൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. രാത്രി പെൺ സുഹൃത്തിനു 'ഞാൻ പോകുന്നു, ഇനി എന്നെ ആരും അന്വേഷിക്കണ്ട" എന്നെഴുതിയ ഇ- മെയിൽ അയച്ചിരുന്നു. ഇന്നലെ രാവിലെ മെയിൽ കണ്ട സുഹൃത്ത് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കഴക്കൂട്ടം പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 'എന്റെ മരണത്തിനു മറ്റാരും ഉത്തരവാദിയല്ല" എന്നെഴുതിയ ആത്മഹത്യക്കുറിപ്പും മുറിയിൽ നിന്നു കണ്ടെടുത്തു.

നിഖിൽ ഒന്നര വർഷമായി ഇരട്ട സഹോദരൻ അഖിൽ ആന്റണിയും ഭാര്യയും താമസിക്കുന്ന ചേങ്കോട്ടുകോണം റിലയബിൾ ഗാർഡൻസിലെ ഗായത്രി ഹൗസിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. നിഖിലിനു ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും വീട്ടിലോ കമ്പനിയിലോ ഇല്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. മരിക്കുന്നതിനു തലേന്നും അഖിലിനും ഭാര്യക്കുമൊപ്പം സിനിമ കാണാൻ പോയിരുന്നെന്നും ഏറെ സന്തോഷവാനായിരുന്നു നിഖിലെന്നും സഹോദരൻ വ്യക്തമാക്കി.

തലയിൽ കട്ടിയുള്ള പോളിത്തീൻ കവറിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ വയറിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടാഗ് മുറിക്കിയിരുന്നു. കട്ടിലിൽ മലർന്നുകിടന്ന മൃതദേഹത്തിൽ പാന്റും ഷർട്ടും കാലിൽ സോക്സും ഉണ്ടായിരുന്നു. മരണവെപ്രാളത്തിന്റെ അടയാളങ്ങൾ കണ്ടെത്താത്തതിനാൽ മരണത്തിൽ ദുരൂഹത ഉള്ളതായാണ് പൊലീസ് സംശയം.

ഫിംഗർപ്രിന്റ് വിദഗ്ദ്ധ ഷെമി.എ.ആറിന്റ നേതൃത്വത്തിൽ പാെലീസ് ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം എറണാകുളത്തേക്ക് കൊണ്ടുപോകും. പിതാവ്: ആന്റണി. നയനയാണ് സഹോദരി.