one-to-one

വർക്കല: നഗരസഭയുടെ സ്വച്ഛ് സർവേക്ഷൻ 2024 പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ വർക്കല എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ സഹകരണത്തോടെ വൺ ടു വൺ കാമ്പെയിന് തുടക്കമായി.

ക്ലിഫിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്ക് മാലിന്യ മുക്ത നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട അവബോധവും ജൈവ അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ നിർദ്ദിഷ്ട ബിന്നുകളിൽ നിക്ഷേപിക്കാനുള്ള നിർദ്ദേശവും നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

മാർച്ച് ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ വൈകിട്ടാണ് എൻ.എസ്.എസ് വോളന്റിയർമാർ കാമ്പെയിൻ നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാർ, ക്ലീൻ സിറ്റി മാനേജർ പ്രകാശ്, ജില്ല ശുചിത്വമിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ സുജ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് തുടങ്ങിയവർ സംസാരിച്ചു. മാലിന്യ മുക്തനവകേരളം കാമ്പെയിൻ കോഓർഡിനേറ്റർ കെ.ജി.ഹരികൃഷ്ണൻ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു. വൺ ടു വൺ സംവാദത്തിന് എൻ.എസ്.എസ് വോളന്റിയർമാരായ അതുൽ, രാഹുൽ, അമൽദേവ്, ആശാസുരഭി എന്നിവർ നേതൃത്ത്വം നൽകി.