ആറ്റിങ്ങൽ: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി യുവാവിൽ നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജർമ്മനിയിൽ കുടുംബ സമേതം താമസിക്കുന്ന ആറ്റിങ്ങൽ വളക്കാട് സ്വദേശി പ്രശാന്തി (36)ന്റെ പക്കൽ നിന്നാണ് പണം തട്ടിയെടുത്തത്. പണം നഷ്ടമായെന്നറിഞ്ഞപ്പോൾ തന്നെ പ്രശാന്ത് ആറ്റിങ്ങൽ പൊലീസിന് ഓൺ ലൈൻ പരാതി നൽകിയിരുന്നു. ജർമ്മനിയിൽ വെച്ച് മികച്ച ജോലി ഓഫർ കണ്ട ഓൺലൈൻ ഏജൻസിയിൽ പ്രശാന്ത് പേര് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇന്റർവ്യൂവിന്റെ ഭാഗമായി ഓൺലൈൻ കമ്പനി ഓരോ ടാസ്ക്കുകൾ നൽകി പ്രശാന്തിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടുകയായിരുന്നു. പണം നഷ്ടമായതിന് ശേഷം അവരുടെ സൈറ്റും കാണാതായതോടെയാണ് മൂന്ന് മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിൽ നിന്ന് ആറ്റിങ്ങൽ പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം നട്ടിലെത്തിയ പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.