മലയിൻകീഴ് : വിളപ്പിൽശാല ഡോ.എ.പി.ജെ.അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നിർമ്മാണോദ്‌ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ ഐ.ബി.സതീഷ്‌ എം.എൽ.എ അറിയിച്ചു.

നൂറ്‌ ഏക്കർ സ്ഥലമാണ് സർവകലാശാലയ്ക്ക് കണ്ടെത്തിയിട്ടുള്ളത്. 42 കോടി രൂപ സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് അനുവദിച്ചാണ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമ്മിക്കുന്നത്.

സർവകലാശാല കാമ്പസ് നിർമ്മാണത്തിന് ഇക്കൊല്ലത്തെ ബഡ്ജറ്റിൽ 71 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ 7 നിലകളോടുകൂടി ഒന്നരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിന്റെ എം.ബി.എ ബ്ലോക്കിലെ താത്കാലിക സംവിധാനത്തിലാണ് സർവകലാശാല ആസ്ഥാനം പ്രവർത്തിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിളപ്പിൽശാലയിൽ സർവകലാശാല ആസ്ഥാനം നിർമ്മിക്കാൻ തീരുമാനിച്ചത്. 2020 ജൂൺ 27 ന്‌ ഭൂമി ഏറ്റെടുക്കൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2019– 2020ലെ ബഡ്ജറ്റിൽ ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചെന്നും എം.എൽ.എ അറിയിച്ചു.