തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ഫ്ലൈഓവറിന്റെ നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. ജംഗ്ഷനിൽ ഡിവൈഡറിന് ചുറ്റും ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്. ഇവിടെ ഉടൻതന്നെ കോൺക്രീറ്റ് തൂണിന്റെ നിർമ്മാണം ആരംഭിക്കും.

ദേശീയപാത 66ൽ ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തിയ നാലിടത്ത് പാലങ്ങളും അടിപ്പാതകളും നിർമ്മിക്കാനുള്ള കരാർ 95 കോടി രൂപയ്ക്കാണ് ഉറപ്പിച്ചത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷനാണ് ടെൻഡറെടുത്തത്. മാർച്ച് പകുതിയോടെ നിർമ്മാണം തുടങ്ങുമെന്നും കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു. 5 വർഷത്തെ പരിപാലന ചുമതലയും നിർമ്മാണ കമ്പനിക്കാണ്.

ചാക്ക ഫ്ലൈ ഓവറിന് സമീപത്തുനിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിന് മുൻപിൽ അവസാനിക്കുന്ന രീതിയിൽ 4 വരിയിലാണ് ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമ്മാണം. ചാക്ക ഫ്ലൈഓവർ മുട്ടത്തറ വരെ നീളുന്ന രീതിയിലായിരുന്നു നേരത്തെ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില രാഷ്ട്രീയപാർട്ടികളും വ്യാപാരികളും എതിർപ്പുമായി എത്തിയപ്പോഴാണ് അതുപേക്ഷിച്ചത്. ഈ‌ഞ്ചയ്ക്കലിൽ ഫ്ലൈഓവർ നിർമ്മിച്ചില്ലെങ്കിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് പോകുമെന്ന് പൊലീസും റിപ്പോർട്ട് നൽകിയിരുന്നു.

 സർവീസ് റോഡുകൾ ഉൾപ്പെടെ 11 റോഡുകൾ സംഗമിക്കുന്ന ഈഞ്ചയ്ക്കൽ

ജംഗ്ഷനിൽ ഓരോ 25 മീറ്ററിലും തൂണുകൾ സ്ഥാപിച്ച് ഫ്ലൈഓവർ നിർമ്മിക്കും.

 ടെൻഡർ ഇങ്ങനെ

ഈഞ്ചയ്ക്കൽ മേൽപ്പാലം.......47 കോടി

ആനയറ അണ്ടർപാസ്, പഴയകട മണ്ണയ്ക്കൽ ഓവർപാസ് എന്നിവയ്ക്ക് ........38 കോടി

തിരുവല്ലം പാലം......... 10 കോടി

തിരുവല്ലത്തെ അപകടയാത്ര ഒഴിവാകും

തിരുവല്ലം പഴയപാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. ബൈപ്പാസിൽ നിന്നും വാഹനം ഓടിച്ചുവരുന്നവർ എതിരെ വാഹനം വരുമെന്ന് പ്രതീക്ഷിക്കാത്തതാണ് അപകടങ്ങൾ കൂടാൻ കാരണം. 110 മീറ്റർ നീളത്തിൽ ആറിനു കുറുകെ സർവീസ് റോഡിനു സമാന്തരമായിട്ടാണ് പാലം നിർമ്മിക്കുക. അടുത്ത ആഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

പഴയകട മണ്ണയ്ക്കലിൽ (പുത്തൻകട) ബൈപ്പാസിന് കുറുകെയാണ് പൊതുമരാമത്ത് റോഡ് കടന്നു പോകുന്നത്. ബാരിക്കേഡുകൾ വച്ചാണ് ഇവിടെ വേഗതം നിയന്ത്രിക്കുന്നത്. ആനയറ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ഗ്യാരേജിന് മുന്നിലാണ് 15 മീറ്റർ വീതിയിൽ ആനയറ അടിപ്പാത വരുന്നത്. ഇവ വന്നാൽ അപകടങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

ഗതാഗത നിയന്ത്രണം വരും

ഈഞ്ചയ്ക്കലിൽ ഫ്ലൈഓവർ നിർമ്മാണത്തിന്റെ ആദ്യദിനങ്ങളിൽ കാര്യമായ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെങ്കിലും നിർമ്മാണം പുരോഗമിക്കുമ്പോൾ ഗതാഗതനിയന്ത്രണം കടുപ്പിക്കും.