
വർക്കല: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വനിതാ ശാക്തീകരണവുമായി വനിതാസംഗമം സംഘടിപ്പിച്ചു.
വർക്കല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മ വനിതാസംഘം കേന്ദ്ര സമിതി ഉപാദ്ധ്യക്ഷ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാറുന്ന കാഴ്ചപ്പാടുകൾക്കൊപ്പം പുതു തലമുറയുടെ ദൈനംദിന കാര്യങ്ങളിൽ മാതാപിതാക്കളുടെ അതീവ ശ്രദ്ധ പതിയേണ്ടത് മുഖ്യ ചുമതലയായി ഏറ്റെടുക്കേണ്ട സാഹചര്യങ്ങളാണ് സംജാതമായിട്ടുള്ളതെന്നും അദ്ധ്യാപക സമൂഹത്തിനൊപ്പം നിന്ന് പ്രവർത്തിക്കേണ്ട ബാദ്ധ്യത രക്ഷകർത്താക്കൾക്ക് വിസ്മരിക്കാനാവില്ലെന്നും ഷീബ ടീച്ചർ പറഞ്ഞു.
ശിവഗിരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് കവിതാശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാമധു സംഘടനാസന്ദേശം നൽകി. ശിവഗിരി യൂണിയൻ വനിതാസംഘം സെക്രട്ടറി ജി.സീമ, ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി.എസ്.ആർ.എം, വൈസ് പ്രസിഡന്റ് തൃദീപ്, യോഗം ഡയറക്ടർ ബി.ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു.
യൂണിയനു കീഴിലുളള 47 ശാഖാ യോഗങ്ങളിൽ നിന്ന് വനിതാസംഘം-മൈക്രോഫിനാൻസ് യൂണിറ്റുകളിൽ നിന്നുളള 1500ൽപരം വനിതാസംഘം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. വനിതാസംഘവും ശിവഗിരി യൂണിയനും സംയുക്തമായി ശാഖകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ 50 ബോധവത്കരണ കുടുംബസംഗമങ്ങൾ മൂന്ന് മാസത്തിനുള്ളിൽ സംഘടിപ്പിക്കാനും പുതു തലമുറയെ ഉൾപെടുത്തി ബാലജനയോഗങ്ങൾ രൂപീകരിക്കാനും സംഗമത്തിൽ തീരുമാനിച്ചു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ
നടന്ന വനിതാസംഗമം കേന്ദ്ര സമിതി ഉപാദ്ധ്യക്ഷ ഷീബടീച്ചർ ഉദ്ഘാടനം ചെയ്യുന്നു