
തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തെ പാഠപുസ്തക വിതരണം 12നു ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ മീഡിയങ്ങളിലെ പുസ്തകങ്ങളാണിവ.
സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാകും. വിതരണോദ്ഘാടനം മേയ് പത്തിനുള്ളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രശിക്ഷ കേരളം 2023- 2024 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വിദ്യാലയങ്ങളിലെ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന് പൂജപ്പുര യു.പി.എസിൽ നടക്കും. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ മാതൃഭാഷ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മലയാള മധുരം 9,110 സ്‌കൂളുകളിൽ നടപ്പാക്കും. ഒരു സ്‌കൂളിൽ 80 പുസ്തകങ്ങളും സൂക്ഷിക്കാനുള്ള റാക്കും ഇതിന്റെ ഭാഗമായി നൽകുമെന്നും മന്ത്രി അറിയിച്ചു.
ഹയർസെക്കൻഡറി പൊതുസ്ഥലമാറ്റം:
ട്രിബ്യൂണലിനെ സമീപിക്കും
ഹയർസെക്കൻഡറി പൊതുസ്ഥലമാറ്റത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിനെ സമീപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനു സ്ഥാപിത താത്പര്യങ്ങളില്ല. സ്ഥലമാറ്റത്തിനു തയ്യാറല്ലാത്ത അദ്ധ്യാപകരാണ് പ്രശ്നമുണ്ടാക്കുന്നത്. അദ്ധ്യാപകർക്ക് തുല്യനീതി ഉറപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. സ്ഥലംമാറ്റ ഉത്തരവിലെ തടസങ്ങൾ കാരണം 24 പേരുടെ പ്രിൻസിപ്പൽ നിയമന പട്ടികയും അനശ്ചിത്വത്തിലാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ രേഖകൾ സഹിതം ട്രിബ്യൂണലിനെ ഉടൻ സമീപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് അറിയിച്ചു.
പത്ര വായനയ്ക്ക്
ഗ്രേസ് മാർക്ക്
തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്ര/പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രിന്റ് മീഡിയാ ചീഫ് എഡിറ്റർമാരുടെ യോഗം 12ന് ചേരും. പല കുട്ടികൾക്കും കേരളത്തിലെ മന്ത്രിമാരുടെ പേരുപോലും കൃത്യമായി അറിയില്ലെന്ന് മന്ത്രി പറഞ്ഞു. പത്രവായനയിലൂടെ പൊതുവിജ്ഞാനവും കൂടുതൽ അറിവും വിദ്യാർത്ഥികളിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം.
പത്താം ക്ലാസിൽ മറ്റ് വിഭാഗങ്ങളിലെ ഗ്രേസ് മാർക്ക് സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ സമർപ്പിക്കും.