parents

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സർവകലാശാലാ ഹാേസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ നെടുമങ്ങാടുള്ള വീട്ടിൽ കുടുംബാംഗങ്ങളെ കാണാൻ പുതിയ വൈസ് ചാൻസലർ ഡോ.പി.സി. ശശീന്ദ്രൻ എത്തി.ഇന്നലെ വൈകിട്ട് ആറിനാണ് മാതാപിതാക്കളെ സന്ദർശിച്ചത്.ഇന്ന് വയനാട് എത്തി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് ഇവരെ കാണാൻ എത്തിയത് .സംഭവിച്ച കാര്യങ്ങൾ സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വിശദീകരിച്ചു. പഴയ വി.സിയുടെ ഉത്തരവാദിത്വമില്ലായ്മയും ഡീനിന്റെ വീഴ്ചയും ഉൾപ്പടെ ചൂണ്ടിക്കാട്ടി . സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകി.

വി.സിയെ

അറസ്റ്റ് ചെയ്യണം:

സുരേഷ്ഗോപി

സംഭവത്തിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വി.സിയെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.സിദ്ധാർത്ഥിന്റെ വീട്ടിൽ ഇന്നലെ രാവിലെയെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മറ്റൊരു വിദ്യാർത്ഥിക്കും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അതിനുവേണ്ടി കുടുംബത്തോടൊപ്പമുണ്ടാവുമെന്ന ഉറപ്പും സുരേഷ്‌ഗോപി കുടുംബത്തിന് നൽകി. സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

യുവമോർച്ച മാർച്ചിൽ

സംഘർഷം

സിദ്ധാർഥിന്റെ മരണത്തിൽ പ്രതികളെ പിടിക്കാതെ പൊലീസ് നടത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ തള്ളിക്കയറിയതിനു പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഭിജിത്തിന് പരിക്കേറ്റു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐക്കാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി അദ്ദേഹം ആരോപിച്ചു. സിദ്ധാർഥനെ മർദിച്ച് കൊന്നവരെ ന്യായീകരിക്കാനും ദുർബല വകുപ്പുകൾ ചുമത്തി കേസിൽ നിന്നും രക്ഷിക്കാനുമാണ് സി.പി.എം ശ്രമമെന്നും രാജീവ് പറഞ്ഞു. നേതാക്കളായ വഞ്ചിയൂർ വിഷ്ണു, അമൃത പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.