photo

പാലോട്: പട്ടയമേളകൾ അരങ്ങു തകർക്കുമ്പോഴും ജനിച്ച മണ്ണിന് പട്ടയമെന്ന ആവശ്യവുമായി മുപ്പതിലധികം കുടുംബങ്ങൾ അധികൃതരുടെ തിണ്ണനിരങ്ങാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാവുന്നു. നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളാണ് 82 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളെല്ലാം ഇവർക്ക് പടിക്കുപുറത്താണ്. ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം. ഇക്കാര്യം അധികൃതർക്കും അറിയാമെങ്കിലും തിരഞ്ഞെടുപ്പെത്തുമ്പോൾ മാത്രമാണ് ഇവിടുത്തുകാരും തങ്ങളുടെ വോട്ടർമാരാണെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടിയന്തരമായി പട്ടയം നൽകുമെന്നുള്ള വാഗ്ദാനം എല്ലാ രാഷ്ട്രീയക്കാരും നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇവർ എല്ലാം മറന്നമട്ടാണ്. വലിയ അവകാശവാദങ്ങളോടെ പട്ടയമേളകൾ അരങ്ങേറുമ്പോൾ കുറുങ്ങണം നിവാസികൾക്ക് ഒരാൾക്കുപോലും പട്ടയമില്ല. കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് എട്ടുപതിറ്റാണ്ടായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകാത്തതിനാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെത്തുടർന്ന് റവന്യൂ മന്ത്രി ഇടപെടുകയും കുറുങ്ങണം പ്രദേശത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മന്ത്രിക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ 01-01-1977ന് മുൻപ് വനഭൂമി കൈവശം വച്ച് വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും കൈവശസ്ഥലത്തിന്റെ ജി.പി.എസ് കോ-ഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായും അറിയിച്ചു. അധികം വൈകാതെ പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റവന്യൂ വകുപ്പ് അധികാരികൾ അറിയിച്ചെങ്കിലും ജില്ലയിൽ നടന്ന എല്ലാ പട്ടയമേളകളിലും പൂർണമായും ഈ കുടുംബങ്ങളെ അവഗണിക്കുകയായിരുന്നു. വർഷങ്ങളായി ദുരിതജീവിതമാണ് ഇവിടത്തുകാർക്ക്. സ്വന്തം പേരിലുള്ള പട്ടയഭൂമിയിൽ ചോർന്നൊലിക്കാത്ത കൂരകളിൽ അന്തിയുറങ്ങണമെന്ന ഇവരുടെ ആഗ്രഹം നടപ്പാകണം. ഇതിനായി അധികൃതർ ഇച്ഛാശക്തി കാണിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിൽ

വനഭൂമിയാൽ ചുറ്റപ്പെട്ട ഇവിടെ മുപ്പത് കുടുംബങ്ങളിലായി 600 ലധികം ആളുകളാണ് 80വർഷമായി താമസിക്കുന്നത്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാനോ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ സാധിക്കുന്നില്ല. ഇതോടെ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാണ്. ഇവർ താമസിക്കുന്ന ഭൂമി തെന്നൂർ വില്ലേജിലാണെങ്കിലും ഇവരുടെ ആധാർ കാർഡുകളിൽ കാണിച്ചിരിക്കുന്നത് കുറുപുഴ വില്ലേജ് എന്നാണ്. നന്ദിയോട്, പെരിങ്ങമ്മല, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ 236 കുടുംബങ്ങൾക്ക് 1985ൽ കൈവശാവകാശരേഖ സർക്കാർ നൽകിയെങ്കിലും നാളിതുവരെ പട്ടയം നൽകാത്തതിനാൽ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് അറിയാതെ പ്രതിസന്ധിയിലാണ്. കൈവശാവകാശ രേഖ ഉപയോഗിച്ച് ഒന്നും നടക്കില്ലായെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ 236 കുടുംബങ്ങൾ.

 അടിയന്തര നടപടി സ്വീകരിക്കണം

ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുമെന്നുള്ള ജനങ്ങളുടെ പ്രതീക്ഷയും അസ്ഥാനത്തായി. മിക്ക വീടുകളിലും ടോയ്‌ലെറ്റുകളില്ലാത്തതും ഇവർ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. അനേകം വീടുകൾക്ക് ഒരു കിണർ മാത്രമുള്ളത് ജലലഭ്യതയെയും സാരമായി ബാധിക്കുന്നു. ഇതിനെല്ലാം പരിഹാരമായി തലചായ്ക്കാൻ ആറടി മണ്ണെങ്കിലും സ്വന്തം പേരിൽ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.