
ചെന്നൈ: രാമനാഥപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയാൽ ആ സീറ്റ് മുസ്ലിം ലീഗിൽ നിന്നും ഏറ്റെടുക്കുന്ന കാര്യം ഡി.എം.കെ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്. പകരം ലീഗിന് മറ്റേതെങ്കിലും സീറ്റ് നൽകും.
നിലവിൽ ഡി.എം.കെ മുന്നണിയിലെ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണിത്. കനി കെ.നാവാസ് അവിടെ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.
പുതുകോട്ടൈ, വിരുതുനഗർ, രാമനാഥപുരം ജില്ലകളിലായി ആറു മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് രാമനാഥപുരം സീറ്റ്. ഈ ആറിടത്തും നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ, കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മോദി രാമനാഥപുരത്ത് മത്സരിച്ചാൽ മോദി ഇഫക്ട് കേരളത്തിലും ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ രാമേശ്വരം ക്ഷേത്രം രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനും മോദി രാമേശ്വരം സന്ദർശിച്ചിരുന്നു.