chinchurani

കൊല്ലം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡീൻ ഡോ.എം.കെ.നാരായണൻ മാദ്ധ്യമങ്ങളോട് പറഞ്ഞ വാദങ്ങൾ തള്ളി മന്ത്രി ജെ.ചിഞ്ചുറാണി.

ഡീൻ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. ഹോസ്റ്റലിന്റെ ചുമതല വാർഡനാണ്. ഹോസ്റ്റലിൽ പോയി റിപ്പോർട്ടെടുക്കേണ്ട ചുമതല വാർഡനും അസിസ്റ്റന്റ് വാർഡനുമാണ്. ഡീൻ ഹോസ്റ്റലിലെ സെക്യൂരിറ്റി അല്ലെന്ന വാദത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.


ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഡീൻ പറയേണ്ടകാര്യമില്ല. ഹോസ്റ്റലിൽ താമസിക്കണമായിരുന്നു. വൈസ് ചാൻസലർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ഡീനിന്റെ ഭാഗത്ത് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വാർഡനും അസി. വാർഡനും ഹോസ്റ്റലിലേക്ക് പോയിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയത്. ഇക്കാര്യം വി.സി കഴിഞ്ഞദിവസം ഉച്ചയ്ക്ക് പത്രസമ്മേളനത്തിലൂടെ പറയാനിരിക്കെയാണ് ഗവർണർ വി.സിയെ സസ്‌പെൻഡ് ചെയ്തതായി വാർത്തകൾ വന്നത്.

കേസ് അന്വേഷണത്തിന് നിലവിൽ തടസങ്ങളില്ല. മികച്ച അന്വേഷണമാണ് നടക്കുന്നത്. അതിനാൽ ജുഡിഷ്യൽ അന്വേഷണം പോലെ മറ്റൊരു അന്വേഷണത്തിന് പ്രസക്തിയില്ല. അന്വേഷണ സംഘത്തിന് പുറമേ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ 18 പേരെയും ഡീബാർ ചെയ്തു. എട്ട് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് മാറ്റിനിറുത്തുന്നതിന് ആന്റി റാഗിംഗ് സെൽ നടപടിയെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഗവർണറുടേത് തെറ്റായ നടപടി

ഗവർണർ വി.സിയെ സസ്‌പെൻഡ് ചെയ്ത വിവരം വകുപ്പ് മന്ത്രിയായ താൻ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. ഗവർണറുടേത് തെറ്റായ നടപടിയാണ്. സസ്‌പെൻഡ് ചെയ്യുന്ന കാര്യം തന്നോട് ചോദിച്ചിരുന്നില്ല. ഗവർണർ കോടതിയിൽ പോയതിനെക്കുറിച്ച് സർക്കാരിനറിയില്ല.