തിരുവനന്തപുരം: കാണാതായ മകളെ ഒരു പോറലേൽക്കാതെ തിരികെ നൽകിയതിന് പിന്നാലെ കുറ്റവാളിയെക്കൂടി പിടികൂടിയതോടെ കേരള പൊലീസിന് നന്ദി പറഞ്ഞ് മേരിയുടെ അമ്മ അമല. ഒരുപാട് സന്തോഷമുണ്ടെന്നും ഉച്ചയോടെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചെന്നും അമല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിച്ച് അമലയെ പൊലീസ് ഹസൻകുട്ടിയെ കാണിച്ചെങ്കിലും മുമ്പൊരിക്കലും ഇയാളെ കണ്ടിട്ടില്ലെന്ന മറുപടിയാണ് നൽകിയത്.

അതേസമയം കുട്ടിയുടെ ഡി.എൻ.എ ഫലം ഇന്ന് അറിയാൻ കഴിഞ്ഞേക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു പറഞ്ഞു. കുട്ടിയെ കണ്ടെത്തിയെങ്കിലും രണ്ടുവയസുകാരി ഹൈദരാബാദ് സ്വദേശികളായ അമർദ്വീപിന്റെയും അമലയുടെയും മകളാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും മാതാപിതാക്കളുടെ പക്കലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടി ഇവരുടേതാണെന്ന് ഉറപ്പിക്കുന്നതിനായി കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിളുകൾ ഫോറൻസിലേക്ക് നൽകിയത്. ബീഹാർ സ്വദേശികളായ ദമ്പതികൾ ഹൈ‌ദരാബാദിലാണ് താമസിക്കുന്നത്. തേൻ ശേഖരിക്കുന്നതിനായി കേരളത്തിലെത്തുന്ന സംഘം കഴിഞ്ഞ രണ്ടുമാസമായി തലസ്ഥാനത്തുണ്ട്. സംഭവത്തിനുശേഷം അമ്മയും കുഞ്ഞും സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലാണ്.