തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് വിളിച്ചു വരുത്തിയശേഷം കാറിൽ തട്ടിക്കൊണ്ടുപോയി കാര്യവട്ടം ഗവ.കോളേജ് ഗ്രൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവിനെ ഏഴംഗസംഘം ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് കമ്പി,അലുമിനിയം പൈപ്പ്,നെഞ്ചക്ക് തുടങ്ങിയ ആയുധങ്ങൾ കൊണ്ടുള്ള മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ചെമ്പഴന്തി ചായ്ക്കാട്ടുകോണം കുളത്തിന് സമീപം നിർമ്മാല്യം വീട്ടിൽ നിർമ്മലിനാണ്(25) ക്രൂരമർദ്ദനമേറ്റത്.കുളത്തൂർ സ്വദേശികളായ ഷാ രാജീവ്,ആദർശ്,മേനംകുളം സ്വദേശി ഗൗതം,കഴക്കൂട്ടം സ്വദേശികളായ ഷിജു,ഗണേഷ്,രോഹിത്,അദ്വൈത് എന്നിവർക്കെതിരെ നിർമ്മൽ പരാതി നൽകി. ഒന്നാം പ്രതിയായ യുവാവിന്റെ കുടുംബത്തെപ്പറ്റി മോശമായി സംസാരിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 10ഓടെ നിർമ്മലിനെ കഴക്കൂട്ടത്തേത്ത് വിളിച്ചുവരുത്തി. തുടർന്ന് സംഘത്തിലെ രണ്ടുപേർ ബലമായി പിടിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയി കാര്യവട്ടം കോളേജ് മൈതാനത്തെത്തിക്കുകയും അവിടെ വച്ച് മറ്റ് മൂന്ന് പ്രതികളെക്കൂടി വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്‌ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ യുവാവിന്റെ മൂന്ന് പല്ലുകൾ ഇളകി. കുളത്തൂർ സ്വദേശികളായ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും ഉടൻ അറസ്റ്റുചെയ്യുമെന്നും കഴക്കൂട്ടം എസ്.എച്ച്.ഒ അറിയിച്ചു.