തിരുവനന്തപുരം: പ്രതിയെ ഒടുവിൽ പിടികൂടിയെങ്കിലും സംശയങ്ങളും ദുരൂഹതകളും ഇനിയും ബാക്കിയാണ്. കുട്ടിയെ കാണാതായ ഫെബ്രുവരി 18ന് ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളിൽ രണ്ടുപേർ പൊലീസിനോട് പറഞ്ഞിരുന്നത് സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്നാണ്. ഇതനുസരിച്ച് സ്‌കൂട്ടറുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണം.

19ന് പുലർച്ചെ 12നും ഒന്നിനുമിടയിൽ സംശയാസ്‌പദമായി സ്‌കൂട്ടറിൽ പോയവരെ പേട്ട സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഹസൻകുട്ടി പിടിയിലാകുമ്പോഴും സഹോദരങ്ങളുടെ മൊഴി പൊലീസിന് മുന്നിൽ ചോദ്യചിഹ്നമാണ്.

അവിടെയും അവസാനിക്കുന്നില്ല ദുരൂഹത. 18ന് രാത്രിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കാനായി എടുത്തുകൊണ്ടുപോയ ഹസൻകുട്ടി, പെൺകുട്ടി ബോധരഹിതയായപ്പോൾ മരിച്ചെന്ന് കരുതി രാത്രി തന്നെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അച്ഛന്റെ പരാതിയെ തുടർന്ന് 19ന് പുലർച്ചെ മുതൽ പൊലീസും പരിസരവാസികളും കുട്ടിയെ കണ്ടെത്തിയ റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ പരിശോധിച്ചിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

കുട്ടിയും കുടുംബവും താമസിച്ചിരുന്ന 450 മീറ്റർ അകലെ നിന്നാണ് 19ന് രാത്രി 7.30ഓടെ പൊലീസിന് കുട്ടിയെ ലഭിക്കുന്നത്. 18ന് രാത്രി തന്നെ പ്രതി ഓടയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ 19ന് രാത്രിവരെ കുട്ടി ആരുടെയും കണ്ണിൽപ്പെടാതെ മയക്കത്തിലായിരുന്നോയെന്നാണ് മറ്റൊരു സംശയം. കൊച്ചുവേളി പരിസരത്ത് മണ്ണെന്തല സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് അന്ന് പൊലീസ് നൽകിയ മറുപടി. എന്നാൽ എന്തോ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തേക്ക് വേഗം ഓടിയെത്തി കുട്ടിയെ ഓടയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്.