തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം റോഡിന് സമീപം മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ചിറക്കുളം കോളനിക്ക് സമീപത്തെ മാലിന്യം നിക്ഷേപിച്ച ഒഴിഞ്ഞ പുരയിടത്തിലായിരുന്നു സംഭവം. മതിൽകെട്ടിയടച്ച പുരയിടത്തിൽ തീ ആളിപ്പടർന്നത് കോളനി നിവാസികളെയടക്കം പരിഭ്രാന്തിയിലാഴ്‌ത്തിയെങ്കിലും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. പുരയിടത്തിൽ മാസങ്ങളായി കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് തൊട്ടടുത്ത കെട്ടിടങ്ങൾക്ക് സമീപത്തുവരെ തീജ്വാലയെത്തിയെങ്കിലും ഫയർഫോഴ്സ് സംഘം പുരയിടത്തിന്റെ മൂന്ന് വശങ്ങളിൽ നിന്നും വെള്ളമൊഴിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ചെങ്കൽച്ചൂളയിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ അണയ്‌ക്കാൻ നേതൃത്വം നൽകിയത്.