വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മുതൽ തൊളിക്കോട് വരെയുള്ള റോഡിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയാകുന്നു. ചെറുതും വലുതുമായ അപകടങ്ങളും അപകട മരണങ്ങളും നടന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം വിതുര ചേന്നൻപാറ കോസലം മംഗളവേദിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ആനപ്പെട്ടി സ്വദേശി മത്സ്യവ്യാപാരി സലീം മരിച്ചു. അനവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

ബൈക്ക് റേസിംഗ് സംഘങ്ങളും കളത്തിൽ സജീവമാണ്. കഞ്ചാവും എം.ഡി.എം.എയുമായി ബൈക്കുകളിൽ ചീറിപ്പായുന്ന സംഘങ്ങളും സജീവമാണ്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗം കാൽനടയാത്രികർക്കു പോലും ഭീഷണിയാവുകയാണ്. അനവധി പേരെ ബൈക്ക് ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്. പൊൻമുടി മേഖലയിലെത്തുന്ന ടൂറിസ്റ്റുകളും ബുദ്ധിമുട്ടിലാണ്. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ഇത്തരം സംഘങ്ങളെ പിടികൂടുന്നതിൽ അധികൃതർ ശ്രദ്ധചെലുത്തുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. തൊളിക്കോട് വിതുര റോഡിൽ നാല് വർഷത്തിനിടയിൽ ഒമ്പത് പേരാണ് ബൈക്കപകടങ്ങളിൽ മരണപ്പെട്ടത്.ഇതിൽ കൂടുതലും ബൈക്കുകളിൽ സഞ്ചരിച്ച യുവാക്കൾ തന്നെയാണ്. അമിതവേഗവും അശ്രദ്ധയും നിമിത്തമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

കൂസാതെ യുവാക്കൾ

അപകടങ്ങൾ തുടർന്നിട്ടും അമിതവേഗതയിലാണ് യുവാക്കളുടെ സഞ്ചാരം. ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൊളിക്കോട് ഇരുത്തലമൂലവരെ റോഡ് ടാറിംഗ് നടക്കുകയാണ്. റോഡ് നന്നാക്കിയ സ്ഥലങ്ങളിലൂടെ അമിതവേഗതയിലാണ് യുവസംഘങ്ങൾ ബൈക്കുകളിൽ ചീറിപ്പായുന്നത്.ഇതോടെ അപകടങ്ങളും കൂടി. ഇരുചക്രവാഹനങ്ങളും മറ്റും അമിതവേഗതയിലാണ് പായുന്നത്. അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്.

അപകടമരണങ്ങൾ നടന്ന സ്ഥലങ്ങൾ

തൊളിക്കോട് വിതുര റോഡിൽ ഏറ്റവും കൂടുതൽ അപകടമരണങ്ങൾ നടന്ന ഭാഗം തോട്ടുമുക്കിനും ചേന്നൻപാറയ്ക്കുമിടയിലാണ്. നാലുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അനവധി അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഇൗ മേഖലയിൽ കൂടി സൂക്ഷിച്ചുനടന്നില്ലെങ്കിൽ അപകടമുറപ്പാണ്.രണ്ട് വർഷംമുൻപ് വിതുര ശിവൻകോവിൽ ജംഗ്ഷനിൽ നടന്ന ബൈക്ക് അപകടത്തിൽ ഒരുയുവാവ് മരിച്ചു. തൊളിക്കോട് പുളിമൂട് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചുള്ളിമാനൂർ കരിങ്കട സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. വിതുര വേളാങ്കണ്ണി പള്ളിക്കു സമീപം കഴിഞ്ഞ വർഷം നടന്ന അപകടത്തിൽ തോട്ടുമുക്ക് സ്വദേശിയായ യുവാവും മരിച്ചു. നേരത്തേ വിതുര ശിവൻകോവിൽ ജംഗ്ഷനിൽ നടന്ന ബൈക്കപകടങ്ങളിലും രണ്ട് യുവാക്കൾ മരിച്ചിരുന്നു. മുൻപ് ചേന്നൻപാറ വൈദ്യുതി ഓഫീസ് ജംഗ്ഷനിൽ നടന്ന അപകടത്തിലും രണ്ടുപേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേന്നൻപാറക്കു സമീപം നടന്ന അപകടത്തിൽ ആനപ്പെട്ടി സ്വദേശി മരിച്ചു.