
നെയ്യാറ്റിൻകര: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേരളാ പൊലീസ് സംസ്ഥാന ജനമൈത്രി പൊലീസിന്റെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലന പരിപാടിയായ ജ്വാല - 2 നടന്നു. തിരുവനന്തപുരം റൂറൽ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഒാഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ നിർവഹിച്ചു. പൊതു സ്വകാര്യയിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ആത്മ വിശ്വാസത്തോടെ നേരിടുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമാണ് പരിശീലനം. തിരുവനന്തപുരം റൂറൻ ജില്ലാ അഡീഷണൽ എസ്.പി ആർ. പ്രതാപൻ നായർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ വഹാബ്.എ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ,നിംസ് നെഫ്രോളജി വിഭാഗം മേധാവി ഡോ.മഞ്ചു തമ്പി, നിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത, വനിത സെൽ ഇൻസ്പെക്ടർ എൻ.സീന എന്നിവർ പ്രസംഗിച്ചു.