p

തിരുവനന്തപുരം: എറണാകുളത്ത് മറൈൻ ഡ്രൈവിന് സമീപം 2300 കോടിയോളം ചെലവിൽ ഹൗസിംഗ് ബോർഡിന്റെ കൂറ്റൻ മന്ദിര സമുച്ചയത്തിന്റെ നിർമ്മാണം ജൂണിൽ തുടങ്ങും. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കെട്ടിടനിർമ്മാണ പദ്ധതിയാണ് ഇത്.

പാർപ്പിട ഫ്ളാറ്റുകൾ വിൽക്കാനും വാണിജ്യ സമുച്ചയത്തിലെ മുറികൾ വാടകയ്ക്കു നൽകാനുമാണ് ആലോചന.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻ.ബി.സി.സി) സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. നിർമ്മാണ ചെലവ് എൻ.ബി.സി.സി വഹിക്കും. മുറികളുടെയും വീടുകളുടെയും വില്പനയിലൂടെ തുക അവർ തിരിച്ചുപിടിക്കും. ലാഭത്തുകയിൽ കൂടുതൽ വിഹിതം ഹൗസിംഗ് ബോ‌ർഡിന് ലഭിക്കും. ഇതിന്റെ അനുപാതം ചർച്ചയിലൂടെ നിശ്ചയിക്കും.ഇതോടെ ഹൗസിംഗ് ബോർഡിന്റെ സാമ്പത്തിക നില ഭദ്രമാവുമെന്നാണ് പ്രതീക്ഷ.

മംഗളവനത്തിനും ഹൈക്കോടതി മന്ദിരത്തിനും സമീപം ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 17.9 ഏക്കർ സ്ഥലത്താണ് നിർമ്മാണം. വാണിജ്യ സമുച്ചയവും റസിഡൻഷ്യൽ സമുച്ചയവും പ്രകൃതി സൗഹൃദ പാർക്കിംഗും ഉൾപ്പെടുന്നതാണ് കൂറ്റൻ മന്ദിരം. പ്രകൃതി സൗഹൃദ പാർക്കും റോഡുകളും ഒരുക്കുന്നുണ്ട്. 3650 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എൻ.ബി.സി.സി തയ്യാറാക്കിയ മന്ദിരത്തിന്റെ രൂപരേഖ റവന്യൂമന്ത്രി കെ.രാജന്റെയും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും മുന്നിൽ അവതരിപ്പിച്ചു. അവർ നിർദ്ദേശിച്ച ഭേദഗതികൾ വരുത്തി പുതിയ മാതൃക മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തി അനുമതി വാങ്ങും. ഈ സർക്കാരിന്റെ കാലത്തു തന്നെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

30-32 നിലകളിലുള്ള കെട്ടിടം

44.41 ലക്ഷം ച.അടി:

മൊത്തം വിസ്തൃതി

31.66 ലക്ഷം ച. അടി:

റസിഡൻഷ്യൽ ഏരിയ

2.67 ലക്ഷം ച.അടി:

വാണിജ്യ മേഖല

10.07 ലക്ഷം ച.അടി:

കാർപാർക്കിംഗ് ഏരിയ

2300 കോടി:

നിർമ്മാണ ചെലവ്

3650 കോടി:

പ്രതീക്ഷിക്കുന്ന വരുമാനം