g

പഴയ കൊച്ചിയുടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും അഖില കൊച്ചി ക്ഷേത്ര പ്രവേശന കർമ്മ സമിതി നേതാവും തിരു- കാെച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ പേഴ്സണൽ സെക്രട്ടറിയും വിവിധ ജില്ലകളിൽ മജിസ്ട്രേട്ടുമായിരുന്ന കെ.ആർ. വിശ്വംഭരന്റെ 60-ാം ചരമവാർഷിക ദിനമാണ് നാളെ (മാർച്ച് 10)​.

കെ.ആർ. വിശ്വംഭരനെ ഇന്ന് എത്രപേർ ഓർക്കുന്നുവെന്ന് അറിയില്ല. അദ്ദേഹത്തിന്റെ കൊച്ചുമകനായ ഈ ലേഖകന് എന്തായാലും മറക്കാനാവില്ല. ബാല്യംതൊട്ടേ മുത്തച്ഛനെക്കുറിച്ചുള്ള കഥകൾ കേട്ടുവളർന്നയാളാണ് ഞാൻ.

1963-ൽ പാലക്കാട് ജില്ലാ മജിസ്ട്രേട്ട് ആയിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച ഹൃദയാഘാതാണ് അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചത്. ദീർഘകാലം എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനായിരുന്ന ആർ. ശങ്കർ ആയിരുന്നു അന്ന് കേരള മുഖ്യമന്ത്രി. പൊതുജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ സ്തുത്യർഹസേവനം നിർവഹിച്ചയാളാണ് വിശ്വംഭരനെന്നാണ് അന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

ഞാൻ ചെറിയ കുട്ടിയായിരിക്കെ അച്ഛൻ അഡ്വ. കെ.വി. സച്ചിദാനന്ദൻ (കെ.ആർ. വിശ്വംഭരന്റെ 11 മക്കളിലൊരാൾ),​ അന്ന് രോഗശയ്യയിലായിരുന്ന കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെ കാണാൻ പോയ അനുഭവം മറക്കാനാവില്ല. അന്ന് പത്രാധിപർ അച്ഛന്റെ കൈപിടിച്ച് കണ്ണീരോടെ പറഞ്ഞു: '' Viswambharan was an independent man. വിശ്വംഭരന്റെ ഓരോ രോമവും ഈഴവന്റേതായിരുന്നു."" പത്രാധിപരുമായി മുത്തച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു, തിരുവനന്തപുരത്ത് ഹരിജന ക്ഷേമവകുപ്പ് ഡയറക്ടർ ആയിരുന്നപ്പോഴും പട്ടം താണുപിള്ളയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നപ്പോഴും ഏറെക്കാലം മുത്തച്ഛനും കുടുംബവും പേട്ടയിലാണ് താമസിച്ചിരുന്നത്.

കേരളകൗമുദിയിൽ അദ്ദേഹം ഉണ്ണിക്കൃഷ്ണൻ എന്ന തൂലികാനാമത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു. മജിസ്ട്രേട്ടുമാരായി വിരമിക്കുന്ന പലരും ഉയർന്ന ഫീസ് ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പ്രാക്ടീസ് ചെയ്യാനാണ് താത്പര്യപ്പെടാറുള്ളതെങ്കിലും, പത്രാധിപരുമായുള്ള അടുപ്പംകൊണ്ടാകാം, വിരമിച്ചശേഷം കോഴിക്കോട്ടുനിന്ന് ഒരു പത്രം തുടങ്ങാനാണ് മുത്തച്ഛൻ താത്പര്യപ്പെട്ടത്. അതിനായി ചില പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. അതിനിടെയാണ് വിധി ആ ജീവൻ അപഹരിച്ചത്.

തൃശൂരിനടുത്ത് ഒല്ലൂരിൽ ആയുർവേദ വൈദ്യൻ കോശേരിൽ രാമൻകുട്ടിയുടെയും സംഗീതജ്ഞയായ പാർവതിയുടെയും ആറു മക്കളിൽ രണ്ടാമനായി 1911 ഫെബ്രുവരി 29- നാണ് കെ.ആർ. വിശ്വംഭരൻ ജനിച്ചത്. ഒല്ലൂർ ഹൈസ്കൂളിലായിരുന്നു പഠനം. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പൗരസ്ത്യദൂതൻ എന്ന മാസികയിൽ കവിതയെഴുതി, സ്കൂൾ സാഹിത്യസമാജങ്ങളിൽ തുടർച്ചയായി പ്രസംഗിച്ച് പ്രസംഗ വൈഭവം നേടി.

തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.എ വിദ്യാർത്ഥിയായിരിക്കെ മഹാത്മജിയുടെയും മദനമോഹന മാളവ്യയുടെയും ആശയങ്ങളോട് വിയോജിച്ച് 1930 ആഗസ്റ്റിൽ 'സത്യവ്രതൻ" മാസികയിൽ 'രാമരാജ്യം' എന്ന ദീർഘകവിതയെഴുതി. എം.പി. പോളിന്റെ 'നവകേരള"ത്തിൽ അദ്ദേഹം കഥകളെഴുതിയിരുന്നു. അക്കിക്കാവിൽ ചേർന്ന കൊച്ചി തീയ്യ മഹാജനസഭയുടെ വാർഷികയോഗത്തിൽ വിശ്വംഭരൻ നടത്തിയ സ്വാഗത പ്രസംഗം സഹോദരൻ അയ്യപ്പൻ മുൻകൈയെടുത്ത് തന്റെ 'സഹോദരൻ" പത്രത്തിൽ ലേഖനമായി പ്രസിദ്ധീകരിച്ചു.

അന്ന് കൊച്ചി രാജ്യത്ത് എസ്.എൻ.ഡി.പി യോഗം നിലവിൽ വന്നിരുന്നില്ല. അതിന്റെ മുൻഗാമിയായ കൊച്ചി തീയ്യ മഹാജനസഭയാണ് ഉണ്ടായിരുന്നത്. (1111-ൽ മട്ടാഞ്ചേരിയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് സഭ കൊച്ചി എസ്.എൻ.ഡി.പി യോഗമായി മാറിയത്). സഭ സംഘടിപ്പിക്കാനും ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിനും മറ്റു നേതാക്കൾക്കൊപ്പം വിശ്വംഭരൻ കൊച്ചി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു. ബി.എ പാസായശേഷം അധഃകൃത സംരക്ഷണവകുപ്പിൽ രണ്ടുകൊല്ലം ക്ളാർക്കായി ജോലി ചെയ്തു. പിന്നീട് ചെന്നൈയിൽ നിന്ന് നിയമം പഠിച്ചുവന്ന് അഭിഭാഷകനായി.

അക്കാലത്താണ് ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിലെ പറ പ്രക്ഷോഭം. വിശ്വംഭരൻ അന്ന് കൊച്ചി തീയ്യ മഹാജനസഭാ സെക്രട്ടറിയാണ്. കെ.ടി. അച്യുതൻ പ്രസിഡന്റ്. പറ വരുമ്പോൾ അവർണരെ റോഡരികിൽപ്പോലും നിൽക്കാൻ സമ്മതിച്ചിരുന്നില്ല. കെ.ടി. അച്യുതനും കൂട്ടരും ഇതിൽ പ്രതിഷേധിച്ചു. ഇതറിഞ്ഞ് വിശ്വംഭരനും മറ്റും എത്തി പ്രതിഷേധയോഗം നടത്തി. പ്രക്ഷോഭം ഏതാനും മാസം തുടർന്നു. സഹോദരൻ അയ്യപ്പനും മറ്റും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. അങ്ങനെ പ്രക്ഷോഭം അസാനിച്ചു. അതിലെ ചില അനുരഞ്ജന നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് കൊച്ചിയിൽ പിന്നാക്ക സമുദായങ്ങൾക്ക് പ്രയോജനപ്രദമായ സ്റ്റാഫ് സെലക്ഷൻ ബോർഡ് രൂപീകരിക്കപ്പെട്ടത്.

1113-ൽ കാട്ടൂരിൽ ചേർന്ന കൊച്ചി എസ്.എൻ.ഡി.പി യോഗം സമ്മേളനം കെ.ടി. അച്യുതനെ പ്രസിഡന്റും വിശ്വംഭരനെ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. അതിനിടെ അവർ ആദ്യത്തെ ചെത്തുതൊഴിലാളി സമരം സംഘടിപ്പിച്ചു.

1936 നവംബർ 12ന് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം വന്നെങ്കിലും കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങൾ അവർണർക്കായി തുറക്കപ്പെട്ടിരുന്നില്ല. അതിനായി അഖിലകൊച്ചി ക്ഷേത്ര പ്രവേശന കമ്മിറ്റി രൂപീകരിക്കപ്പെട്ടു. സമിതി 1937 ജനുവരി 27ന് ചെറുതുരുത്തിയിൽനിന്ന് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ കൊച്ചി ക്ഷേത്ര പ്രവേശന ജാഥ സംഘടിപ്പിച്ചു. പിന്നീട് തലപ്പിള്ളി ഇഴവ നിയോജക മണ്ഡലത്തിൽനിന്ന് വിശ്വംഭരൻ കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിശ്വംഭരന്റെ നേതൃത്വത്തിൽ പ്രോഗ്രസീവ് പാർട്ടി എന്ന രാഷ്ട്രീയ കക്ഷിയും അതിന് ആർ.എം മനക്കലാത്ത് പത്രാധിപരായി പ്രോഗ്രസ് എന്ന പത്രവും ഉണ്ടായിരുന്നു.

1940-ൽ പാലക്കാട് മേലേതിൽ രാമൻകുട്ടി വൈദ്യരുടെ മകൾ എം.ആർ. മാധവിയെ വിശ്വംഭരൻ വിവാഹം ചെയ്തു. മാധവി 'മിതവാദി"യിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ഹൃദയനാഥൻ, കസ്തൂരിഭായി, വിശ്വഭാരതി, രാജേന്ദ്രപ്രസാദ്, സച്ചിദാനന്ദൻ, ജയപ്രകാശ്, സോമനാഥൻ, സുധീർ, ശ്രീജിത്, വിജയശ്രീ, സുജിത് എന്നിവരാണ് മക്കൾ. ഇവരിൽ ഹൃദയനാഥൻ, വിശ്വഭാരതി, സച്ചിദാനന്ദൻ, സുധീർ, വിജയശ്രീ, സുജിത് എന്നിവരാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്.

നവോത്ഥാന സമരങ്ങളിൽ സക്രിയം പങ്കെടുക്കെ വിശ്വംഭരൻ പെട്ടെന്ന് പൊതുരംഗം വിട്ട് സർക്കാർ സർവീസിലേക്കു തിരിഞ്ഞു.

1942-ൽ വിശ്വംഭരൻ തഹസിൽദാരായി ചുമതലയേറ്റു. 1946-ൽ അധഃകൃത സംരക്ഷണ ഓഫീസ് മേധാവിയായി. അന്ന് സഹോദരൻ അയ്യപ്പൻ 1946 ഫെബ്രുവരി 16ന് സഹോദരനിൽ 'പുതിയ അധഃകൃത സംരക്ഷകൻ"എന്ന മുഖപ്രസംഗമെഴുതി. തിരു കൊച്ചി സംയോജനത്തിനുശേഷം അദ്ദേഹം പിന്നാക്ക സമുദായോന്നമന കമ്മിഷണറായി.

തുടർന്ന് തിരു കൊച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ പേഴ്സണൽ സെക്രട്ടറി. വിശ്വംഭരൻ സർക്കാർ സർവീസ് വിട്ട് പൊതുപ്രവർത്തനത്തിലേക്കു മടങ്ങാൻ ഒരുങ്ങുന്നതായും നിയമസഭയിലേക്ക് മത്സരിക്കുമെന്നുമൊക്ക ശ്രുതിയുണ്ടായെങ്കിലും അതൊന്നും യാഥാർത്ഥ്യമായില്ല.

ജുഡീഷ്യൽ സർവീസിൽ,​ കൊല്ലം സബ് ഡിവിഷണൽ മജിസ്ട്രേട്ടായിട്ടായിരുന്നു തുടക്കം. പിന്നീട് തലശേരി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ മജിസ്ട്രേട്ട്. തലശേരിയിൽ ജില്ലാ മജിസ്ട്രേട്ട് ആയിരുന്നപ്പോൾ അദ്ദേഹം മുൻകൈയെടുത്ത് മജിസ്ട്രേട്ടുമാരുടെ അസോസിയേഷൻ രൂപവത്കരിച്ചു. ഇന്ത്യയിൽ ആദ്യമായിരുന്നു അത്തരമൊന്ന്. സൗഹൃദങ്ങൾ അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. അമ്പതാംവയസ്സിൽ കോഴിക്കോട്ട് ജില്ലാ മജിസ്ട്രേട്ടായിരിക്കെ സൗഹൃദങ്ങളുടെ പിൻബലത്തിൽ വിസ്ഡം സെനറ്റ് എന്ന കൂട്ടായ്മയുണ്ടാക്കി. കെ.പി. കേശവമേനോനെയും മൂർക്കോത്ത് രാവുണ്ണിയെയും പോലുള്ള പ്രമുഖർ അതിൽ അംഗങ്ങളായിരുന്നു. പാലക്കാട്ട് സേവനമനുഷ്ഠിക്കെയായിരുന്നു അപ്രതീക്ഷിത അന്ത്യം.

കാപട്യമില്ലാത്ത ചിരി അദ്ദേഹത്തിന്റെ മുഖമുദ്ര‌യായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ചിരിക്കണമെന്നും ചിരി ആത്മവിശ്വാസം വളർത്തുമെന്നും അദ്ദേഹം കുട്ടികളുടെ ഓട്ടോഗ്രാഫുകളിൽ കുറിച്ചുകൊടുത്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ ഒരു ലേഖനത്തിൽ ആ പ്രകൃതത്തെപ്പറ്റി എഴുതിയിട്ടുമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദർശന പ്രഭയിൽ സാമൂഹികാസമത്വങ്ങളുടെ ഇരുളുകൾ മാറുന്നത് കാണുന്ന നവോത്ഥാനത്തിന്റെ ചൈതന്യമാണ് ആ ചിരി സങ്കല്പിച്ചുനോക്കുമ്പോൾ മനസ്സിൽ തെളിയുന്നത്.

(കെ.ആർ. വിശ്വംഭരന്റെ കൊച്ചുമകനും കേരള ഹൈക്കോടതി അഭിഭാഷകനുമാണ് ലേഖകൻ)