
തിരുവനന്തപുരം: പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച സി.എം.ഒ പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച പോർട്ടലിലൂടെ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെ നിന്നും തൽസ്ഥിതി പരിശോധിക്കാം. ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇ-ഹെൽത്ത് സംവിധാനം മുഖേന ലഭ്യമാകും. ഇ ഹെൽത്ത് ഇന്റഗ്രേഷനിലൂടെ ഡോക്ടർമാർ ഇഹെൽത്ത് മോഡ്യൂൾ മുഖേന അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ദുരിതാശ്വാസ സഹായത്തിനായുള്ള അപേക്ഷകളുടെ പരിശോധനക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും നിലവിൽ വരും.
മലയാളത്തിന് പുറമെ ഇംഗ്ലീഷും ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാം. പരാതി കൈകാര്യം ചെയ്യുന്ന ചാർജ്ജ് ഓഫീസറുടെ വിവരങ്ങളും അറിയാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. സി. എം. ഒ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തി.
പൊതുജന സേവന രംഗത്തെ നൂതന ആശയങ്ങൾക്ക് സി.എം.ഒ പോർട്ടലിന് ലഭിച്ച അവാർഡ് തുകയായ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.ചടങ്ങിൽ മന്ത്രി വീണ ജോർജ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എസ് .കാർത്തികേയൻ, ഇ ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ അനുകുമാരി, കമ്പ്യൂട്ടർ സെൽ അഡീഷണൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറണമെന്നും ശാസ്ത്ര മുന്നേറ്റങ്ങൾക്കായി ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ വാർത്തെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷയായി. മന്ത്രി കെ എൻ ബാലഗോപാൽ, എം.എൽ.എമാരായ ഐ ബി സതീഷ്, വി ജോയ്, വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗം പി കെ ബിജു, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എം എസ് രാജശ്രീ, രജിസ്ട്രാർ ഡോ എ പ്രവീൺ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.