
തിരുവനന്തപുരം : മൂന്നു മുന്നണികളിലും തലയെടുപ്പുള്ള സ്ഥാനാർത്ഥികൾ. കൃത്യമായ ട്രാക്ക് റെക്കോർഡുള്ളവർ. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നവർ. അടൂർപ്രകാശും, വി.ജോയിയും , വി.മുരളീധരനും മാറ്റുരയ്ക്കുന്ന ആറ്റിങ്ങൽ കേരളത്തിൽ വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാവുകയാണ് .പോ രാട്ടത്തിന്റെ ചൂടുംചൂരും പേറുന്ന രണഭൂമിയാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന സംഘടിത പ്രക്ഷോഭമായാണ് കണക്കാക്കപ്പെടുന്നത്. രാജഭരണം ജനാധിപത്യത്തിന് വഴിമാറിയപ്പോഴും ചിറയിൻകീഴ് (ഇപ്പോഴത്തെ ആറ്റിങ്ങൽ) ലോക്‌സഭാ മണ്ഡലം ചുവന്നു തന്നെയിരുന്നു. 1952 മുതൽ 67 വരെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അപ്രമാദിത്വം 71ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വയലാർ രവി അവസാനിപ്പിച്ചു. പിന്നീട് 1991 സുശീല ഗോപാലൻ മണ്ഡലത്തിനെ വീണ്ടും രക്തഹാരമണിയിച്ചു. തുടർന്ന് 2004 വരെ ചിറയൻകീഴ് ഇടതുകോട്ടയായി നിലകൊണ്ടു.
2009 മുതൽ ആറ്റിങ്ങലായി പരിണമിച്ചിട്ടും ഇടത് കൂടി വലതിനെ വെട്ടിയ സി.പി.എമ്മിന്റെ മണ്ഡലം, എൽ.ഡി.എഫിന്റെ കൈകളിൽ സുഭദ്രമായിരുന്നു. എന്നാൽ 2019ൽ കോൺഗ്രസിന് വേണ്ടി പോരിനിറങ്ങിയ അടൂർ പ്രകാശ് മണ്ഡലം യു.ഡി.എഫിനു വേണ്ടി തിരിച്ചു പിടിച്ചു. സുപരിചിതനായ എം.പിയെന്ന നിലയിൽ അടൂർ പ്രകാശിനുള്ള മേൽക്കൈ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.ഡി.എഫിന്റെ നിലവിലെ എം.പി തന്നെ മാറ്റുരയ്ക്കുമെന്നത് ഉറപ്പാണ്. മികച്ച സംഘാടകൻ കൂടിയായ അടൂർ പ്രകാശ് മണ്ഡലത്തിൽ നിറഞ്ഞു നിന്നു പ്രവർത്തിച്ചുവെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമുണ്ടാവില്ല.
ഇടതുകോട്ടയിൽ സമ്പത്തിനെ അട്ടിമറിച്ച അടൂർ പ്രകാശിനെ നേരിടാൻ ജില്ലാ സെക്രട്ടറി വി.ജോയിയെ യാണ് സി.പി.എം കളത്തിലിറക്കുന്നത്. ജില്ലയിൽ പാർട്ടിയുടെ അമരക്കാരനെന്നത് മാത്രമല്ല എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തന പരിചയവും പൊതുബന്ധവും ജനകീയതയും പോരാട്ടത്തിൽ ജോയിക്ക് തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വന്ന ജോയിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രസതന്ത്രവും പാർട്ടി സംഘടനാ സംവിധാനത്തിന്റെ മർമ്മവും തൊട്ടറിയാനാവുമെന്നതാണ് ഇടതുപക്ഷത്തിന്റെ കരുത്ത്.
ബി.ജെ.പിക്ക് വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടി കളത്തിലിറങ്ങുന്നതോടെ പോരാട്ടത്തിന് ചൂടു കൂടും. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി മണ്ഡലത്തിൽ മുന്നേറ്റം നടത്താമെന്ന ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. 2019ൽ ശോഭാ സുരേന്ദ്രൻ വെട്ടിത്തെളിച്ച വോട്ടുവഴിയിലൂടെ മുന്നോട്ടുപോയാൽ ലക്ഷ്യം അകലെയലെന്ന മണ്ഡലത്തിന്റെ സന്ദേശവും അദ്ദേഹത്തിന് കരുത്താവുന്നുണ്ട്. 24 ശതമാനം വോട്ടാണ് അന്ന് ബി.ജെ.പി നേടിയത്.
വെള്ളക്കാർക്കെതിരായ കലാപത്തിലൂടെ ചരിത്രമടയാളപ്പെടുത്തിയ മണ്ഡലത്തിൽ ഇത്തവണ നടക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവത്തിന് കൊഴുപ്പേറുമെന്നതിൽ സംശയിക്കാനില്ല.