രാജാക്കാട്: പൂപ്പാറയിൽ രണ്ട് കോടിയോളം വിലവരുന്ന പൊതുമേഖലയിലെ പൈപ്പ് കത്തിയതിൽ ഇരുട്ടിൽ തപ്പി അന്വഷണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5 നടന്ന സംഭവം ജനങ്ങളിൽ നിരവധി സംശയങ്ങൾ ഉടലെടുക്കുന്നതായാണ് വിവരം. കേന്ദ്ര ഫണ്ട് മുടക്കി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജൽ ജീവൻ മിഷൻ ശുദ്ധജല പദ്ധതിക്കായി സൂക്ഷിച്ചിരുന്നതാണ് കോടികൾ വിലമതിക്കുന്ന ഈ പൈപ്പുകൾ . എസ്റ്റേറ്റ് പൂപ്പാറയിലുള്ള പൂപ്പാറ വില്ലേജാഫീസിന് സമീപം സർക്കാർ ഭൂമിയിലാണ് ഈ പൈപ്പുകൾ സൂക്ഷിച്ചിരുന്നത്. വില്ലേജാഫീസിന്റെ പ്രവർത്തന സമയം കഴിഞ്ഞാണ് വിജനമായ ഈ സ്ഥലത്ത് തീപിടുത്തമുണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. കോടികൾ വിലമതിക്കുന്ന പൈപ്പുകളുടെ കാവൽക്കാരനായി സിസിടിവി ക്യാമറയും ഇവിടെ സ്ഥാപിച്ചിരുന്നു. ഇതെല്ലാം ഉള്ളപ്പോഴാണ് കോടികളുടെ പൈപ്പ് തീയിൽ വെണ്ണീറായത്. വിവിധ പഞ്ചായത്തുകളിലായി 130 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാനുള്ളതായിരുന്നു ഈ പൈപ്പുകൾ . 2 കോടി രൂപയുടെയെങ്കിലും വില വരുന്ന മുതലാണ് കത്തി നശിച്ചതെന്ന് അധികൃതർ പറയുന്നു. എറണാകുളം കേന്ദ്രമായുള്ള കമ്പനിയാണ് ഈ പ്രവർത്തിയുടെ കരാർ എടുത്തിട്ടുള്ളത്. ഇൻഷ്യുറൻസ് സംബന്ധമായ പ്രശ്‌നങ്ങളാണോ സാമൂഹ്യദ്രോഹികളാണോ ഇതിന് പിന്നിലെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.