കുമളി : നയാട്ടിനിറങ്ങിയ മദ്ധ്യവയസ്‌കൻ നാടൻ നിറതോക്കുമായി വനപാലകരുടെ പിടിയിലായി. ആനവിലാസത്തിന് സമീപം കന്നിക്കല്ല് ഭാഗത്ത് താമസിക്കുന്ന പൈറ്റുംവിളയിൽ മോഹനൻ (51) ആണ് ചെല്ലാർ കോവിൽ സെക്ഷൻ സ്റ്റാഫിന്റേയും കുമളി റേഞ്ച് ആന്റി പോച്ചിംഗ് ടീമിന്റേയും രാത്രികാല പരിശോധനക്കിടെ ചെങ്കര ഭാഗത്ത് വനമേഖലയിൽ നിന്നും പിടിയിലായത്. രാത്രിയിൽ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് വനപാലകർ വളഞ്ഞപ്പോൾ വനപാലകർക്ക് നേരെ തോക്ക് ചൂണ്ടി ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. വേട്ടക്കിറങ്ങിയ ഉടൻ പിടിയിലായതിനാൽ തൊണ്ടിയായി മൃഗത്തെ കിട്ടിയില്ലെങ്കിലും ഇയാൾ മുൻപ് വേട്ട നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാടൻ തോക്കിന് ലൈസൻസില്ല. ചെല്ലാർ കോവിൽ ഉദ്യോഗസ്ഥരായ ആർ.എഫ്. ഒ. ജോജി എം. ജേക്കബ്, ഡി. എഫ്. ഒ പി.കെ റെജിമോൻ, ബി.എഫ്.ഒ മാരായ ജെ. വിജയകുമാർ, ബി.കെ. മൻജേഷ്, വാച്ചർ ഇ. ഷൈജുമോൻ തുടങ്ങിയവർ വനപാലക സംഘത്തിലുണ്ടായിരുന്നു.