ഇരിങ്ങാലക്കുട : ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്‌കുകളും മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ ദിനാശ്പൂർ സ്വദേശി മുക്താറുൾ ഹഖിനെ തൃശൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: എം.സി. കുഞ്ഞിമോയിൻകുട്ടിയുടെ അന്വേഷണ സംഘം പിടികൂടി. നിരവധി കളവ് കേസുകളിൽ പ്രതിയായ ഇയാൾ അന്യ സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു. ശനിയാഴ്ച എറണാകുളം ജില്ലയിലെ പറവൂർ മന്നത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളികളെ രണ്ടാഴ്ചയോളം നിരീക്ഷിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പൊലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. സമീപകാലത്ത് സമാന രീതിയിലുണ്ടായിട്ടുള്ള പല കേസ്സുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി ഡിവൈ.എസ്.പി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ ജയിലിൽ നിന്ന് പുറന്നിറങ്ങിയത്.ആളൂർ ഇൻസ്‌പെക്ടർ മുഹമ്മദ് ബഷീർ, സീനിയർ സി.പി.ഒ മാരായ എം.ബി. സതീശൻ, ഇ.എസ്. ജീവൻ, കെ.എസ്.ഉമേഷ് എന്നിവരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം. നോർത്ത് പറവൂർ ഇൻസ്‌പെക്ടർ അനീഷ് കരീമിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പടം..............പ്രതി ബംഗാളി