തിരുവനന്തപുരം:ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധമിരമ്പി. സെക്രട്ടേറിയറ്റിന് മുമ്പിലും ബഡ്‌ജറ്റ് തയ്യാറാക്കിയ ഉന്നത ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നൽകിയ വിരുന്ന് നടന്ന തൈക്കാട് ഗസ്റ്റ് ഹൗസിന് മുമ്പിലുമാണ് പ്രതിഷേധം അരങ്ങേറിയത്. സെക്രട്ടേറിയറ്റിന് മുമ്പിൽ ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (ഫെറ്റോ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൈക്കാട് ഗസ്റ്റ് ഹൗസിന് മുമ്പിൽ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ)​ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധിച്ചത്. ഫെറ്റോ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ അദ്ധ്യക്ഷനായി. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് മനു, എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല, ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ബി.അരുൺകുമാർ,പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ഹരികൃഷ്ണൻ,പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ജയകുമാർ കൈപ്പള്ളി,സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ.അജയകുമാർ,ഫെറ്റോ സംസ്ഥാന ട്രഷറർ സി.കെ.ജയപ്രസാദ് എന്നിവർ സംസാരിച്ചു.അ യ്യങ്കാളി ഹാളിന് സമീപത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രകടനത്തിന് എൻ.ടി.യു ജില്ല പ്രസിഡന്റ് അഖിലേഷ്,എൻ.ജി.ഒ സംഘ് നോർത്ത് ജില്ല പ്രസിഡന്റ് ജി.ഹരികുമാർ, സൗത്ത് ജില്ല സെക്രട്ടറി സന്തോഷ് അമ്പലത്തറ,എൻ.ടി.യു സംസ്ഥാന സെക്രട്ടറി അരുൺ കുമാർ,കെ.ജി.ഒ സംഘ് സംസ്ഥാന ട്രഷറർ രതീഷ് ആർ.നായർ എന്നിവർ നേതൃത്വം നൽകി.