വർക്കല: ട്രഷറി നിയന്ത്റണം,ചെറുകിട കരാറുകാരോടുള്ള അവഗണന എന്നിവയിൽ പ്രതിഷേധിച്ചും ചില ഏജൻസികളെ സർക്കാർ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചും ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് വർക്കല താലൂക്കിൽ നടന്ന ധർണ സംസ്ഥാന ട്രഷറർ ജി.തൃദീപ് ഉദ്ഘാടനം ചെയ്‌തു.ട്രഷറികൾ പ്രവർത്തിച്ചിട്ട് മാസങ്ങളായി,​ ചെറുകിട കരാറുകാരുടെ കുടിശ്ശിക 17,​000 കോടിയിലധികമുണ്ട്,​ മാർച്ച് 31നകം ബില്ല് മാറാൻ പറ്റിയില്ലെങ്കിൽ കരാറുകാരിൽ ഭൂരിഭാഗവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. കടുത്ത ട്രഷറി നിയന്ത്റണം നിലനിൽക്കുമ്പോഴും ഊരാളുങ്കൽ സൊസൈറ്റിക്ക് 160 കോടി രൂപയുടെ പ്രത്യേക അനുമതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. നാദിർഷ അദ്ധ്യക്ഷത വഹിച്ചു. ഇലകമൺ നസീർ,ശ്യാമപ്രസാദ്,രാഗേഷ്,ജോയി,ഹരിഅനിൽ,ചിന്തുപ്രസാദ്,ആനന്ദ്കൃഷ്ണ എന്നിവർ സംസാരിച്ചു.