
കടുത്തുരുത്തി: കടയിൽ സോഡാ കുടിക്കാനെത്തി കടയുടമയുടെ മാല പൊട്ടിച്ചു കടന്നയാളെ പിടികൂടി. തലയോലപ്പറമ്പ് പൊതി പുളിക്കൽ ബിജോ പി. ജോസിനെ (40) ആണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ആയാംകുടി എരുമത്തുരുത്ത് അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തൻപുരയിൽ സുമതിയമ്മ (78) യുടെ ഒന്നര പവനുള്ള സ്വർണ്ണ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. ചുവന്ന ആക്ടീവ സ്കൂട്ടറിലെത്തിയ യുവാവ് വാട്ടർ അതോറിറ്റിയിലെ ജോലിക്കാരനാണെന്നും പൈപ്പ് പൊട്ടിയത് നന്നാക്കാനെത്തിയതാണെന്നും പരിചയപ്പെടുത്തിയാണ് കടയിലെത്തി സോഡാ ആവശ്യപ്പെട്ടത്. ബുധനാഴ്ചയും ഇതേ സമയം ഇയാൾ കടയിലെത്തി സോഡാ കുടിച്ചിരുന്നു. തുടർന്ന് തൊപ്പിയും, കണ്ണടയും, മാസ്കും ധരിച്ചിരുന്ന ഇയാൾ മാസ്ക് കുറച്ച് മാറ്റി സോഡാ കുടിച്ച ശേഷം കുപ്പി തിരികെ നൽകുകയും ഒരു സെൽഫി എടുക്കാമെന്ന് കടയുടമയോട് പറയുകയും ചെയ്തു. സെൽഫി എടുക്കാൻ സമ്മതിക്കാതിരുന്ന കടയുടമ കുപ്പി എടുത്ത് താഴെ ഇരുന്ന സോഡാപ്പെട്ടിയിലേക്ക് വെക്കുന്നതിനിടയിൽ മാല പൊട്ടിച്ച് ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.