തിരുവനന്തപുരം: ബ്രഹ്മോസിന് സമീപത്ത് നിന്ന് നാടോടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയത് രണ്ടാഴ്ചയോളം നീണ്ട രാപകൽ പരിശ്രമം. 100 സി.സി ടിവി ക്യാമറകളും ജയിലിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഹൻസക്കുട്ടി (കബീർ) എന്ന പ്രതിയിലേക്ക് എത്താൻ വഴികാട്ടിയായത്.

കൈയിലുള്ള പഴയ മോഡൽ മൊബൈൽ ഫോൺ ഇയാൾ ഉപയോഗിക്കുന്നത് കുറവായതിനാൽ അത് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലം കണ്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ മൊട്ടയടിച്ച് പ്രതി രൂപമാറ്റം വരുത്തിയും പൊലീസിനെ വലച്ചു.

സംഭവ ദിവസം നഗരത്തിന്റെ വിവിധ മേഖലകളിലെ സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. സംശയാസ്‌പദമായി പേട്ട ഭാഗത്ത് നിന്ന് ബൈക്കിൽ ലിഫ്റ്റ് വാങ്ങി ചാക്കയ്ക്ക് സമീപമിറങ്ങിയ ആളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഫലം കണ്ടത്. അന്ന് പുലർച്ചെ കുട്ടിയെ കണ്ടെത്തിയ റെയിൽവേ ട്രാക്കിന് മറുവശത്തെ റോഡിലൂടെ ഇയാൾ വീണ്ടും ബൈക്കിൽ ലിഫ്റ്റ് വാങ്ങി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.

ഇടയ്ക്കിടെ തലയിൽ പുതപ്പുമൂടി നടക്കുന്ന ശീലവും ഇയാൾക്കുണ്ട്,​ ഇതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെ സംശയം ബലപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്കാണ് ആദ്യം അയച്ചത്. അതിൽ നിന്നാണ് അയിരൂരിൽ 11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിതെന്ന് വ്യക്തമായത്. തുടർന്ന് ജയിലിൽ നിന്ന് ഇയാളുടെ ആധാർ എടുത്തെങ്കിലും അയിരൂരിലെ വിലാസമാണ് നൽകിയിരുന്നത്. എന്നാൽ അവിടെ എത്തിയപ്പോഴേക്കും ആ വീടുമായി ഇയാൾക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. തുടർന്ന് വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇന്നലെ കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവദിവസം സി.സി ടിവി ദൃശ്യങ്ങളിൽ കണ്ടപ്പോഴുണ്ടായിരുന്ന വസ്ത്രങ്ങളായിരുന്നു വേഷം. എന്നാൽ സി.സി ടിവി ദൃശ്യങ്ങളിൽ തലയിൽ മുടിയുള്ള ആളായിരുന്നു പ്രതിയെങ്കിൽ ഇന്നലെ കസ്റ്റഡിയിലെടുത്തപ്പോൾ മൊട്ടയടിച്ച നിലയിലായിരുന്നു. ശരീരഭാഷയും വസ്ത്രധാരണവും നടത്തവും കണ്ടാണ് പൊലീസ് തിരിച്ചറിഞ്ഞത്.

ദുരൂഹതയും സംശയങ്ങളും ബാക്കി ?

രാത്രി 12ഓടെ ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കാനെടുത്തുകൊണ്ടുപോയ പ്രതി കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോൾ മരിച്ചെന്ന് കരുതി രാത്രി തന്നെ ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവസമയത്തെ പ്രതിയുടെ സ്ഥലത്തെ സാന്നിദ്ധ്യം അത് ഉറപ്പിക്കുന്നു. എന്നാൽ ഒരു പകൽ മുഴുവൻ പ്രദേശത്ത് പൊലീസ് അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി ഏഴോടെ മണ്ണന്തല പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അങ്ങനെയെങ്കിൽ കുട്ടി ഭൂരിഭാഗം സമയവും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഈ സമയം കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട് എന്നാണ് സംശയം.