chandu

കൊല്ലം: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കേബിൾ ഓപ്പറേറ്റർമാരെയും ജീവനക്കാരെയും മർദ്ദിച്ച കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ. തൃപ്പിലഴികം മരുന്നുംമൂലയിൽ സബീർ, പുന്നമുക്ക് വഞ്ചികോട്ട് മേളത്തിൽ പാപ്പി എന്ന ചന്തു എന്നിവരെയാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിൻസ് രാജ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കുണ്ടറ എസ്.ഐ ശാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്.

എട്ടും ഒൻപതും പ്രതികളാണിവർ. ചന്തുവിന്റെ അച്ഛന്റെ മരണത്തെ തുടർന്നാണ് ഇവർ നാട്ടിലെത്തിയത്. കാപ്പ കേസ് പ്രതിയായ വൈശാഖ് ഉൾപ്പെടെയുള്ള ബാക്കി ഏഴ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ കേബിൾ ഓപ്പറേറ്റർ ഉമ്മൻ വർഗീസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 20 ദിവസമായി ഐ.സി.യുവിൽ തുടരുകയാണ്. ഓപ്പറേറ്റർ ഷിബു പ്രതാപൻ, ജീവനക്കാരായ അനിൽകുമാർ, ജോമോൻ, അരുൺ എന്നിവർക്കും മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.