photo

ആലപ്പുഴ: സൈബർ തട്ടിപ്പ് കേസിൽ രണ്ട് കേസുകളിലായി ജില്ലയിൽ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. 2.67 കോടി രൂപ നഷ്ടപ്പെട്ട സൈബർ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ചും ലോൺഅപ്ലിക്കേഷൻ വഴി പണം തട്ടിയെടുത്ത കേസിൽ അഞ്ച് പേരെ ചേർത്തല പൊലീസുമാണ് അറസ്റ്റു ചെയ്തത്. മലപ്പുറം ഏറനാട് കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കാവന്നൂർ ഏലിയാപറമ്പ് ഭാഗത്ത് എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), കാവനൂർ പഞ്ചായത്ത് 7-ാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ്(23) കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ കാവന്നൂർ ചിരങ്ങകുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി കെ.എസ് അരുണിന്റെ നേതൃത്വത്തിലും കോഴിക്കോട് നടക്കാവ് ക്രസന്റ് മൻസാ ഫ്‌ലാറ്റ് നമ്പർ 9ൽ ബെൽമാ വീട്ടിൽ അബ്ദുൾ ഖാദർ(59), കുന്നമംഗലം പഞ്ചായത്ത് 12-ാം വാർഡിൽ കുറ്റിക്കാട്ടൂർ ബൈത്തക അൻവർ വീട്ടിൽ അമീർ(29), മലപ്പുറം ഫറോക്ക് പഞ്ചായത്ത് 16-ാം വാർഡിൽ കള്ളിക്കുടം മലയിൽ വീട്ടിൽ അശ്വിൻ(26), മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് കരാട്ടുപുരയിൽ നജീ( 43), മലപ്പുറം പുത്തൂർ പള്ളിക്കൽ പഞ്ചായത്ത് 17- ാം വാർഡിൽ പെരുമ്പിയ ക്കാട്ട് വീട്ടിൽ അൻസിഫ് (24), എന്നിവരാണ് ചേർത്തല ഡിവൈ എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിലും അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്ന് മാന്നാർ സ്വദേശിയായ വിദേശ മലയാളിയിൽ നിന്ന് 2.67കോടി രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നു പേർ അറസ്റ്റിലായത്. ഓൺലൈൻ ലോൺ ആപ്ലിക്കേഷൻ വഴി ഒന്നരലക്ഷം രൂപ നൽകാമെന്ന് പ്രലോഭിപ്പിച്ച് ചേർത്തല സ്വദേശിയിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ഒരു ലക്ഷത്തി പതിനാറായിരത്തിൽപരം രൂപ തട്ടിയെടുത്ത ശേഷം ലോൺ തുക നൽകാതെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് പിടിയിലായ അഞ്ച് പേർ.